കൊടിയത്തൂർ: പഞ്ചായത്തിൽ തോട് സംരക്ഷിക്കാൻ മാസങ്ങൾക്ക് മുന്പ് കൊണ്ടുവന്ന കയർ ഭൂവസ്ത്രം വെയിലും മഴയുമേറ്റ് നശിക്കുന്നു. കൃഷിയോഗ്യമല്ലാതായ വയലുകൾ തിരിച്ചു കൊണ്ടുവരാൻ നടപ്പാക്കിയ കല്ലൻതോട് നീർത്തട പദ്ധതിയുടെ ഭാഗമായി പുനർനിർമിച്ച തോടിന്റെയും വയലിെന്റയും സംരക്ഷണത്തിനായാണ് കയർ ഭൂവസ്ത്രം എത്തിച്ചത്. കോഴിക്കോട് - മാവൂർ -പന്നിക്കോട് - നിലമ്പൂർ റോഡരികിൽ തെനേങ്ങപറമ്പിലാണ് ലക്ഷങ്ങൾ വിലയുള്ള കയർഭൂവസ്ത്രം കൂട്ടിയിട്ടിരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ മൂന്നുതവണ ഈ ഭാഗത്ത് വെള്ളംകയറിയിരുന്നു. ആദ്യ വെള്ളപ്പൊക്കത്തിൽ വയലിന് നടുവിലായ കയർഭൂവസ്ത്രം റോഡിലേക്ക് മാറ്റിയിടുകയായിരുന്നു. എന്നാൽ പിന്നീട് രണ്ട് തവണകളിലായി വെള്ളം കയറിയതോടെ ഭൂവസ്ത്രം ദിവസങ്ങളോളം വെള്ളത്തിൽ കിടന്നു. വെള്ളം ഇറങ്ങിയതോടെ കനത്ത വെയിലേറ്റു കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന 35-ഓളം കെട്ട് ഭൂവസ്ത്രമാണ് ഇത്തരത്തിൽ നശിച്ചു കൊണ്ടിരിക്കുന്നത്.

കയർഭൂവസ്ത്രം ഉടൻ വിരിക്കും

കല്ലൻതോട് നീർത്തടപദ്ധതിക്ക് കൊണ്ടുവന്നതാണ് കയർഭൂവസ്ത്രം. 200 മീറ്ററോളം വിരിച്ചു. പിന്നീട് വെള്ളപ്പൊക്കം വന്നേപ്പാൾ വിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് റോഡരുകിൽ കേടുവരാതെ എടുത്തുവെച്ചത്. വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ ബാക്കിയുള്ളവയും വിരിക്കും

-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള