സുൽത്താൻബത്തേരി: കോട്ടക്കുന്ന് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടുചേർന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്ഫോടനമുണ്ടായത്.

കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14), ഇവരുടെ ബന്ധുവും പാലക്കാട് സ്വദേശിയുമായ അജ്മൽ (14), കോട്ടക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെ മകൻ മുരളി (16) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ മൂന്നുപേർക്കും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബത്തേരിയിൽ മുമ്പ് പടക്കവ്യാപാരം നടത്തിയിരുന്നവർ രണ്ടു വർഷംമുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. പ്രാഥമികാന്വേഷണത്തിൽ പടക്കത്തിന്റെ അവശിഷ്ടങ്ങളൊന്നും സ്ഫോടനംനടന്ന കെട്ടിടത്തിൽനിന്ന് കണ്ടെത്താനായില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും ബത്തേരി ഫയർ സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാർ പറഞ്ഞു.

സ്ഫോടനത്തിൽ പരിക്കേറ്റ അജ്മലിനും മുരളിക്കും 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ഫെബിൻ ഫിറോസിന്റെ പരിക്കും ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫെബിന്റെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം കളിക്കാൻപോയി വരുന്നതിനിടെ ശീതളപാനീയം വാങ്ങി ആളൊഴിഞ്ഞ കെട്ടിടത്തിലിരുന്ന് കഴിക്കാൻ പോയതായിരുന്നെന്നും ഇവിടെ കൂട്ടിയിട്ടിരുന്ന അക്വേറിയത്തിലിടുന്ന കല്ലുകൾക്ക് സമീപം കറുത്ത നിറത്തിലുള്ള പൊടികണ്ട്, അത് തീപ്പെട്ടിയുരച്ച് കത്തിക്കാൻ നോക്കിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് ഫെബിൻ പോലീസിന് മൊഴി നൽകിയത്.

സമീപവാസിയായ സിസിലി ശബ്ദംകേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോൾ മൂന്നു കുട്ടികൾ നിലവിളിച്ചുകൊണ്ട് ഓടിവന്ന് സമീപത്തെ വയലിലെ കുളത്തിലേക്ക് ചാടുന്നതാണ് കണ്ടത്. ഇവരുടെ വസ്ത്രങ്ങളെല്ലാം കത്തിയെരിഞ്ഞനിലയിലായിരുന്നു. സ്ഫോടനംനടന്ന കെട്ടിടത്തിൽനിന്ന് വലിയതോതിൽ പുകയുയരുന്നുണ്ടായിരുന്നു. സിസിലിയാണ് വിവരം ഫയർഫോഴ്‌സിനെ വിളിച്ചറിയിച്ചത്.

Content Highlights: Blast in vacant building; Three students were seriously injured