കോഴിക്കോട് : ഇവൻ സ്ഥാനാർഥിയാണെന്നറിഞ്ഞപ്പോൾ ആദ്യം തലയിൽ കൈവച്ച് അനുഗ്രഹിച്ചത് ഞാനാണെന്ന് എൽ.ജെ.ഡി.യുടെ അരങ്ങിൽ ഉമേഷ്‌കുമാറിനെ ചൂണ്ടി കോൺഗ്രസ് സ്ഥാനാർഥി രാധാപിള്ള പറഞ്ഞപ്പോൾ ഇത് ഞങ്ങളുടെ കൂട്ടുകാരിയുടെ മകനല്ലേ എന്ന് അടുത്ത കോൺഗ്രസ് സ്ഥാനാർഥി അൽഫോൺസ ടീച്ചർ. കേശവമേനോൻ നഗർ ബിലാത്തികുളം ഹൗസിങ് കോളനിക്കാരാണ് മൂന്നുപേരും.

ഇത്തവണത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മൂന്ന് സ്ഥാനാർഥികളെ സമ്മാനിച്ച കോളനിയെന്ന നേട്ടമുണ്ടാക്കിക്കൊടുത്തവർ. മൂന്നു വാർഡുകളിലായി രണ്ടുമുന്നണികൾക്കുവേണ്ടി മത്സരിക്കുന്നവരാണെങ്കിലും ഒരുകുടുംബംപോലെയാണെന്ന് ഇവർ പറയുന്നു. പാർട്ടിയും മുന്നണിയുമൊക്കെ മതിൽക്കെട്ടിനപ്പുറത്താണ്. അതുകൊണ്ട് മൂന്നുപേരും വിജയിച്ച് കൗൺസിലർമാരാവട്ടെ എന്നാണ് ഇവർ പരസ്പരം ആശംസിക്കുന്നത്. ഉമേഷ്‌കുമാർ എൽ.ഡി.എഫ്. സ്ഥാനാർഥിയായി കാരപ്പറമ്പിലും യു.ഡി.എഫ്. സ്ഥാനാർഥികളായ രാധാ പിള്ള ചക്കോരത്തുകുളത്തും അൽഫോൺസ ടീച്ചർ നടക്കാവിലുമാണ് മത്സരിക്കുന്നത്. പക്ഷേ, അൽഫോൺസയും രാധാപിള്ളയും ഉമേഷിന്റെ വോട്ടർമാർകൂടിയാണ്.

മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടാൽ ഒരേമനസ്സുള്ള മൂന്നു വ്യക്തികൾ കോർപ്പറേഷൻ കൗൺസിലിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവെക്കുന്നത്.