മേപ്പയ്യൂർ: കെ.എം. ബഷീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും അനുശോചനമറിയിക്കാനുമായി മന്ത്രിമാരും പാർട്ടി നേതാക്കളും ചെറുവണ്ണൂർ, കണ്ടീതാഴ, മലയിൽ മഖാമിലെത്തി. മരണത്തിന് കാരണമായ അപകടം വരുത്തിയവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും വീഴ്ചവരുത്താൻ സർക്കാർ അനുവദിക്കില്ലെന്നും തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. കേസന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ബഷീറിന്റെ വീട്ടുകാരോട് പറഞ്ഞു.

മരണപ്പെട്ട, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ താനുൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുമായ അടുത്ത സൗഹാർദം കാത്തുസൂക്ഷിച്ചിരുന്ന മാധ്യമ പ്രവർത്തകനായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള അനുസ്മരിച്ചു. ബഷീറിന്റെ മരണത്തിൽ ദുഃഖമറിയിക്കാൻ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ഏറെ ഉയരങ്ങളിലെത്താൻ കഴിവും സാധ്യതയുമുള്ള യുവ മാധ്യമ പ്രവർത്തകനെയാണ് അതിവേഗത്തിലെത്തിയ കാർ വരുത്തിവെച്ച അപകടത്തിലൂടെ നഷ്ടമായതെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ. പറഞ്ഞു.

ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് പന്നൂർ, മുൻ എം.എൽ.എ. കെ. കുഞ്ഞമ്മദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്് എം.കെ. നളിനി, കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഐ.എൻ.എൽ. നേതാവ് എൻ.കെ. അബ്ദുൾ അസീസ്, എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് റാഷിദ് ബുഹാരി തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.