ബാലുശ്ശേരി: ഭക്ഷണവും പരിചരണവുമില്ലാതെ രോഗശയ്യയിൽ കഴിയുകയായിരുന്ന പ്രായമായ അമ്മയ്ക്കും അവിവാഹിതനായ മകനും സന്മനസ്സുകളുടെ സഹായം.

നാട്ടുകാർ താലൂക്ക് ആശുപത്രിയിലെത്തിച്ച പുത്തൂർവട്ടം സ്വദേശി 82 വയസ്സുള്ള അരിയായിയുടെയും മകൻ സുധാകരന്റെയും ദുരിതം കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് സന്മനസ്സുകൾ കൈകോർത്ത് സുധാകരനെയും അമ്മയെയും നരിക്കുനിയിൽ പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് കെയറിനുകീഴിൽ പ്രവർത്തിക്കുന്ന അത്താണി ഹോം കെയർ യൂണിറ്റിലേക്ക് മാറ്റി.

ഭക്ഷണം, താമസം, ചികിത്സ, പരിചരണം എന്നിവ അത്താണിയിൽ സൗജന്യമായി ലഭിക്കും. വാർത്ത വന്നതോടെ പിന്തുണയുമായി ഒട്ടേറെ പേർ എത്തി. താലൂക്ക് ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ട രണ്ടുപേരെയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ അത്താണി ഹോം കെയർ യൂണിറ്റിലേക്ക് മാറ്റി.

ഹോം കെയർ യൂണിറ്റിൽ ഇരുവർക്കും മികച്ച പരിചരണം അത്താണി ഹോം കെയർ യൂണിറ്റ് മാനേജർ മുഹമ്മദ് അലി ഉറപ്പ് നൽകി. ബാലുശ്ശേരി പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് കെയർ നഴ്സ് ഷിജില, ആശാ വർക്കർ ബീന, ഭരതൻ പുത്തൂർവട്ടം, അജീഷ് എഴുകുളം, ശ്രീലാഷ് കെ.എം., രാജീവൻ വി.പി., അസ്സൈനാർ ഇ.കെ., രൂപേഷ് കെ.കെ. എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും നരിക്കുനിയിലെ അത്താണി ഹോം കെയർ യൂണിറ്റിൽ എത്തിച്ചത്.

ഉച്ചയ്ക്ക് താലൂക്ക് ആശുപത്രിയിൽ പരിചരണത്തിലായിരുന്ന സുധാകരനെയും അമ്മയെയും ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് അടക്കമുള്ളവർ സന്ദർശിച്ചു.