ബാലുശ്ശേരി: കിണർ വൃത്തിയാക്കുന്നതിനിടെ കയർപൊട്ടി കിണറ്റിൽ വീണയാളെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. പനങ്ങാട് നോർത്തിൽ നീരാടിമല കോളനിയിൽ ഉണ്ണീരിയുടെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ ഓണിപ്പറമ്പിൽ ബാബു (45) ആണ് 51 അടി ആഴമുള്ള കിണറ്റിൽ വീണത്.
ബാബുവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ നാട്ടുകാരായ പ്രഭാകരൻ, മനോജ്, സുബീഷ്, സുജേഷ്, എന്നിവരെയും അഗ്നി-രക്ഷാസേന കരയ്ക്കെത്തിച്ചു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നരിക്കുനിയിലെ അഗ്നി-രക്ഷാ സേനാ ഓഫീസർ എ. നിപിൻദാസ് കിണറ്റിലിറങ്ങി സാഹസികമായാണ് ബാബുവിനെ കിണറിൽനിന്ന് പുറത്തെടുത്തത്. നട്ടെല്ലിന് പരിക്കേറ്റെന്ന സംശയത്താൽ സ്ട്രച്ചറിൽകെട്ടി കിണറിന് സമാന്തരമായി ഉയർത്തിയാണ് പുറത്തെടുത്തത്. നരിക്കുനി അഗ്നി രക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർമാരായ പി.ഒ. വർഗീസ്, എം.കെ. അബ്ദുൾ നാസർ, എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഓഫീസർമാരായ എം. മജീദ്, ടി.എം. വിനോദ് കുമാർ, എം.എസ്. ഹരീഷ്, ഓഫീസർമാരായ വി.കെ. സിധീഷ്, ആർ. ജിനേഷ്, ഹോം ഗാർഡുമാരായ വി.കെ. പ്രകാശൻ, കെ. അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.