വടകര: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ അഴിത്തല ഫിഷ് ലാൻഡിങ് സെന്ററിൽ നഗരസഭ ഫണ്ട് ചെലവഴിച്ച് വികസനപദ്ധതികൾ നടപ്പാക്കുമ്പോഴും വർഷങ്ങൾക്കുമുമ്പ്‌ സമർപ്പിച്ച 1.60 കോടി രൂപയുടെ പദ്ധതി കടലാസിൽത്തന്നെ.

പലതവണ ഹാർബർ എൻജിനിയറിങ് വിഭാഗം എസ്റ്റിമേറ്റ് പുതുക്കി നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിനുമുമ്പാകെ സമർപ്പിച്ച പദ്ധതിയാണിത്. ഇതിന് ഫണ്ട് കിട്ടിയാൽമാത്രമേ മത്സ്യത്തൊഴിലാളികൾക്ക് ഉപകരിക്കുംവിധത്തിൽ ഫിഷ്‌ലാൻഡിങ് സെന്റർ മാറൂവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അഴിത്തലയിൽ ഫിഷ് ലാൻഡിങ് സെന്ററിനു വേണ്ടി നഗരസഭ 50 സെന്റ് സ്ഥലം വാങ്ങിയിട്ട് ഏറെക്കാലമായി. കുറെക്കാലം ഒരു പ്രവൃത്തിയും നടന്നിരുന്നില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോഴാണ് നഗരസഭ ബോട്ട് ജെട്ടിക്കും മീൻ കയറ്റിവെക്കാനുള്ള കെട്ടിടത്തിനുമായി ഫണ്ട് അനുവദിച്ചത്. 45 ലക്ഷം രൂപ ചെലവഴിച്ച് ഇതിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. പ്രാഥമിക സൗകര്യത്തിനും മറ്റുമായി ഏഴുലക്ഷം രൂപ ഈ വർഷവും അനുവദിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനം ഇവിടെ സാധ്യമാകില്ല.

നേരത്തേ ഹാർബർ എൻജിനിയറിങ് വിഭാഗം തയ്യാറാക്കിയ പദ്ധതിയിൽ ലേലപ്പുര, ശൗചാലയം, കുടിവെള്ളം, വൈദ്യുതീകരണം, വല റിപ്പയറിങ് കേന്ദ്രം തുടങ്ങിയ പദ്ധതികൾക്കെല്ലാം നിർദേശമുണ്ടായിരുന്നു. സുരക്ഷിതമായി കരയിലെത്തുക എന്നതിനും മത്സ്യത്തൊഴിലാളികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഇവിടേക്ക് വള്ളം അടുപ്പിക്കുന്നത് അഴിമുഖത്തുകൂടിയാണ്. വേലിയേറ്റസമയത്തും കടൽ ക്ഷോഭിക്കുന്ന സമയത്തും ഇതുവഴി വള്ളങ്ങൾക്ക് വരാൻ കഴിയില്ല. ഹാർബറിലെ പുലിമുട്ടുപോലെ രണ്ടുവശത്ത് കല്ല് നീട്ടിയിട്ടാൽ സുരക്ഷിതമായി കരയിലേക്കെത്താൻ കഴിയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിനും നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

നിലവിൽ ചെറുതും വലുതുമായി 450-ഓളം വള്ളങ്ങൾ അഴിത്തല കേന്ദ്രീകരിച്ച് മീൻപിടിക്കാൻ പോകുന്നുണ്ട്. കൂടുതലും രണ്ടും മൂന്നും പേർ പോകുന്ന ചെറിയ വള്ളങ്ങളാണ്. ഒരുവർഷത്തിൽ എട്ടുമാസത്തോളം ഇവിടം സജീവമായിരിക്കും. സീസണിൽ ഒരുദിവസം ആയിരത്തോളം തൊഴിലാളികളും ഇവിടെ എത്തുന്നുണ്ട്. എന്നാൽ, ഇവർക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ ശൗചാലയം നിലവിൽ ഇവിടെയില്ല. വെളിച്ചമില്ല, ശുദ്ധജലം ലഭ്യമാക്കാനും സംവിധാനമില്ല. ഇതെല്ലാം ഏർപ്പെടുത്തിയാൽ പ്രധാനപ്പെട്ട മത്സ്യവിപണന കേന്ദ്രമായി മാറ്റാൻ കഴിയും. വൻകിടപദ്ധതികൾക്ക് ഫണ്ട് അനുവദിക്കാൻ നഗരസഭയ്ക്കും പരിമിതിയുണ്ട്. ഇവിടെയാണ് നേരത്തേയുള്ള പദ്ധതി പ്രസക്തമാകുന്നത്. ഇതിന് ഫണ്ട് നേടിയെടുക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.