Arya rajകോഴിക്കോട് : അവശതകളെയും ശാരീരികവൈകല്യങ്ങളെയും മറന്ന് ആര്യാ രാജിന് ഇനിയുമേറെ പഠിക്കണം. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിൽ പഠിച്ച് ശാസ്ത്രജ്ഞയാവണം. അതിന് കരുത്തുണ്ടെന്നതിന്റെ തെളിവാണ് സെറിബ്രൽ പാൾസിയെ അതിജീവിച്ച് പ്ളസ്ടു പരീക്ഷയിൽ 1200-ൽ 1200 നേടിയുള്ള മിന്നുംവിജയം.

ശാസ്ത്രമോഹങ്ങൾ മാനംമുട്ടേ ഉണ്ടെങ്കിലും തന്റെ ശാരീരികപ്രശ്നങ്ങൾ ഉപരിപഠനത്തെ ബാധിക്കുമെന്നത് തോന്നൽ ഉള്ളതുകൊണ്ട് ഈ വർഷം പഠനത്തിന് നീക്കിവെക്കാതെ ശരീരം ശക്തിപ്പെടുത്താനുള്ള ചികിത്സയ്ക്ക് വിനിയോഗിക്കാനാണ് തീരുമാനം. ആര്യയുടെ ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ട്. മികച്ച ഫിസിയോതെറാപ്പി ലഭിച്ചാൽ ആര്യയുടെ ശാരീരികാവസ്ഥയിൽ മാറ്റംവരുമെന്നാണ്‌ ഡോക്ടർമാർ പറയുന്നത്. എന്നാൽ, അതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നതാണ് ഇവരെ അലട്ടുന്ന വിഷയം.

വെസ്റ്റ്ഹിൽ സെയ്‌ന്റ്‌ മൈക്കിൾസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് കീഴിൽ പരീക്ഷയെഴുതിയാണ് മിന്നുന്നവിജയം നേടിയത്. സ്വന്തമായി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കാരണം ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്‌ക്രൈബായി വെച്ചാണ് പരീക്ഷയെഴുതിയത്. അത്താണിക്കൽ വീട്ടിൽതൊടികയിൽ വീട്ടിൽ രാജീവിന്റെയും പുഷ്പജയുടെയും മകളാണ്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെ സമ്പൂർണ എ പ്ലസ് നേടിയാണ് പ്ലസ് വൺ സയൻസ് ഗ്രൂപ്പെടുത്ത്‌ പഠിച്ചത്.

പഠനത്തിൽ ഏറ്റവും ഉന്നതനിലവാരം പുലർത്തുന്ന ആര്യയ്ക്ക് എല്ലാകാര്യങ്ങൾക്കും പരസഹായം വേണം. വസ്ത്രം ധരിക്കാനും പ്രാഥമികകാര്യങ്ങൾക്കും അമ്മയാണ് ആശ്രയം.

അക്കാദമിക് രംഗത്തെ നേട്ടങ്ങളെ മുൻനിർത്തി യൂണിസെഫിന്റെ ചൈൽ‍ഡ് അച്ചീവർ അവാർഡ് നേടിയിട്ടുണ്ട് ആര്യ. സെറിബ്രൽ പാൾസി ബാധിച്ചവരിൽ സംസ്ഥാനത്ത് ആദ്യമായി എൽ.എസ്.എസും യു.എസ്.എസും നേടിയതും ആര്യയാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഡൽഹിയിൽനടന്ന അന്താരാഷ്ട്ര സയൻസ് ഫെസ്റ്റിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. സഹോദരൻ അർജുൻ രാജ് മാണ്ഡ്യ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്നു.