സുൽത്താൻബത്തേരി: നോക്കെത്താദൂരം പരന്നുകിടക്കുന്ന പാടത്തിന്റെ നടുവിൽ മസ്തകമുയർത്തി നിൽക്കുന്ന ഗുരുവായൂർ കേശവനെ കാണാൻ എന്തൊരു ചന്തമാണെന്നോ !. കതിരിട്ട ഈ കരിവീരനെക്കാണാൻ ഒട്ടേറെപ്പേരാണ് ദിവസവും നമ്പിക്കൊല്ലിയിലെ പാടശേഖരത്തെത്തുന്നത്. നെൽക്കൃഷിയിൽ എക്കാലവും പുതുമകൾ പരീക്ഷിക്കുന്ന ബത്തേരിയിലെ തയ്യിൽ പ്രസീദ് കുമാർ എന്ന യുവകർഷകനാണ് ഗുരുവായൂർ കേശവന്റെ വയൽചിത്രം (പാഡി ആർട്ട്) ഒരുക്കിയത്.
കൃഷ്ണാ കൗമോദ് എന്ന വിശിഷ്ടമായ നെല്ലിലാണ് ഗുരുവായൂരപ്പന്റെ പ്രിയകേശവന് പ്രസീദ് പുനർജന്മം നൽകിയത്. ഗുജറാത്തിലെ കറുത്ത നെല്ലിനമായ ‘കൃഷ്ണാ കൗമോദ്’ മുളപ്പിച്ചെടുത്ത ഞാറുപാകിയാണ് കൊമ്പനെ ഒരുക്കിയത്. പശ്ചാത്തലമായി വിവിധ ഇനത്തിലുള്ള ഞാറുകളും നാട്ടി. കറുത്ത കൊമ്പന് ചുറ്റും ഇളം ചുവപ്പും വയലറ്റും ഇളംവയലറ്റും മഞ്ഞയും കരിമ്പച്ചയുമൊക്കെയായി പലവർണങ്ങളിൽ കതിരിട്ട നെൽപ്പാടം മനോഹരമായ കാഴ്ചയാണ്.
ഉഴുതൊരുക്കിയ പാടത്ത് ആനയുടെ രേഖാചിത്രം വരച്ചെടുത്തത് ചിത്രകാരനായ എ. വൺ പ്രസാദാണ്. മൂന്നുവർഷമായി പ്രസീദ് വയൽചിത്രമൊരുക്കുന്നുണ്ട്. കഴിഞ്ഞവർഷം കഴുകനെയും അതിനുമുമ്പ് ഇന്ത്യയുടെ ഭൂപടവുമാണ് ഒരുക്കിയത്. ബസുമതി നെല്ലിന്റെ വർഗത്തിൽപ്പെട്ട കൃഷ്ണ കൗമോദിന് വിപണിയിൽ വലിയ ഡിമാൻഡാണ്. വിളവെടുപ്പിന് പാകമെത്തിയതോടെ കൊയ്ത്തിനൊരുങ്ങുകയാണ് പ്രസീദ്.
പാടത്ത് വിളയുന്നു, നെല്ലിന്റെ വൈവിധ്യം
രാജ്യത്തുള്ള വിവിധതരം നെല്ലിനങ്ങളുടെ കലവറയാണ് പ്രസീദിന്റെ പാടശേഖരം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്നതടക്കം 117 ഇനം നെൽവിത്തുകളുടെ ശേഖരമുണ്ടിവിടെ. ഔഷധഗുണമേറെയുള്ളതും പരമ്പരാഗത ഇനങ്ങളുമാണിതിലധികവും. ഇത്തവണ, ആറ്് ഏക്കർ പാടത്ത് 51 ഇനങ്ങളിൽപ്പെട്ട നെൽവിത്തുകളാണ് കൃഷിയിറക്കിയിരിക്കുന്നത്. വൃക്കരോഗികൾക്കും അൽഷിമേഴ്സ് ഉള്ളവർക്കും ഗുണപ്രദമാണെന്ന് പറയപ്പെടുന്ന ‘കാലാ നമക്’ യു.പി.യിൽ നിന്നെത്തിച്ചതാണ്. ശ്രീബുദ്ധന്റെ അനുഗ്രഹമുള്ള നെല്ലാണെന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഗർഭിണികൾക്ക് ഏറെ വിശിഷ്ടമെന്നറിയപ്പെടുന്ന കരിജഗഭല, ആസ്ത്‌മയെ പ്രതിരോധിക്കുന്ന അമ്പി മോറി, പ്രമേഹത്തിനുള്ള സിന്ധൂര മധുശാല, പഞ്ചാബിലെ രാംലി, ഛത്തീസ്ഗഢിലെ മഹാമായ, അസമിലെ ബ്ലാക്ക് പാടി, സോന മയൂരി, ജമ്മുവിൽ നിന്നുള്ള ബസുമതി, മണിപ്പുരിലെ സക്കാവോ പെരിയറ്റ്, കാട്ടിനമായ കറുവാച്ചി, കേരളത്തിന്റെ പരമ്പരാഗത നെല്ലിനങ്ങളായ തൊണ്ടി, വലിച്ചൂരി, രക്തശാലി, അടുക്കൻ തുടങ്ങിയ 51 ഇനങ്ങളാണ് പ്രസീദിന്റെ പാടത്ത് വിളവെടുക്കാൻ പാകമായി നിൽക്കുന്നത്. സ്വന്തമായുള്ള രണ്ടര ഏക്കറിനുപുറമേ പലരിൽനിന്നായി വയൽ പാട്ടത്തിനെടുത്താണ് പ്രസീദ് കൃഷിയിറക്കിയത്.
പ്രസീദിന്റെ പാടത്ത് വിളയുന്ന നെല്ല് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കേണ്ടിവരാറില്ല. വിളവിന് പാകുമാകുംമുമ്പേ ഓർഡറുമായി ആളുകളെത്തും. നെല്ലും അരിയും വിൽക്കുന്നതിന്റെ നാലിരട്ടിയിലധികം വിത്തുവിറ്റാൽ കിട്ടുമെന്നാണ് പ്രസീദ് പറയുന്നത്.
ഇപ്പോൾ ഓൺലൈനായും കച്ചവടം തുടങ്ങിയിട്ടുണ്ട്. പ്രസീദിന്റെ www.praseedpaddy.com എന്ന വെബ്സൈറ്റിലൂടെ വിത്തും നെല്ലുമെല്ലാം ഓർഡർ ചെയ്താൽ വീട്ടിലെത്തിക്കും. പൂർണപിന്തുണയുമായി ഭാര്യ വിശ്വപ്രിയയും മക്കളായ ആത്മികയും ആകർഷിമയും പാടത്തിറങ്ങാറുണ്ട്.