എലത്തൂർ: ഐസ് ഫാക്ടറിയിൽ ജോലിക്കിടെ കാൽപ്പാദം അറ്റുപോയ മറുനാടൻ തൊഴിലാളി സഹായംതേടുന്നു. ഉത്തർപ്രദേശ് സ്വദേശി മദൻകുമാർ (26) ആണ് ബീച്ചാശുപത്രിയിൽ കഴിയുന്നത്.
നവംബർ 18-ന് ഫാക്ടറിക്കുള്ളിൽ ഐസ് പൊടിക്കുന്നതിനിടെ കാൽ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ഒരു കാൽപ്പാദം പൂർണമായും അറ്റുപോയി. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പാദത്തിന്റെ ഭാഗം മുറിച്ചു. പിന്നീടാണ് ഇയാളെ ബീച്ചാശുപത്രിയിലേക്ക് മാറ്റിയത്.
മൂന്നുവർഷമായി പുതിയാപ്പയിലെ ഫിഷിങ്ബോട്ട് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ തൊഴിലാളിയാണ് മദൻകുമാർ. ഭാരതീയ സ്വയംസഹായ സംഘത്തിന്റെ ഫാക്ടറിയിൽ താത്കാലികമായി ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവിന്റെ ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കുമുള്ള ചെലവുകളെല്ലാം ഇതു വരെ വഹിച്ചത് ഫാക്ടറി ഉടമകളാണ്.
ഒരുദിവസംമാത്രം ഇവിടെ താത്കാലികമായി ജോലിചെയ്ത തൊഴിലാളിയായതിനാൽ വലിയ സാമ്പത്തികസഹായം നൽകാൻ ഉടമകൾക്കും ആവുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിക്കാനുള്ള ആലോചനയിലാണ് തൊഴിലാളികൾ.