പത്തിൽ പഠിക്കുന്നു. ഡോക്ടർ ആകാനാണ് ആഗ്രഹം. എങ്ങനെ മുന്നോട്ടുപോകണം?

-ദേവു, പാലക്കാട്

പത്താംക്ലാസ് കഴിഞ്ഞ് പ്ലസ്ടുവിന് കുറഞ്ഞത് 5 വിഷയങ്ങൾ എടുത്ത് പഠിക്കണം. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ, ബോട്ടണി അല്ലെങ്കിൽ ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ നിർബന്ധമാണ്. അഞ്ചാംവിഷയം മാത്തമാറ്റിക്സോ മറ്റേതെങ്കിലും ഓപ്ഷണൽ വിഷയമോ ആകാം. കേരള ഹയർ സെക്കൻഡറിയിലെന്നപോലെ ആറ് വിഷയങ്ങൾ പഠിക്കുന്നതിന് തടസ്സമില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 50 ശതമാനം മാർക്കുവാങ്ങി പ്ലസ്ടു ജയിക്കണം. കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റ് വഴി അഡ്മിഷൻ ലഭിക്കാൻ പ്ലസ്ടുവിന് ബയോളജിക്കു മാത്രമായി 50 ശതമാനം മാർക്കും വേണം. സംവരണ വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്.

പന്ത്രണ്ടിൽ പഠിക്കുമ്പോൾ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ആപേക്ഷിച്ച് യോഗ്യത നേടണം. ബയോളജിയിൽനിന്നും 90-ഉം ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നും 45-ഉം വീതം ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ ഉള്ള പരീക്ഷയാണ് നീറ്റ്.

പരീക്ഷ എഴുതുന്നതിൽ പകുതി പേർക്ക് യോഗ്യത ലഭിക്കുന്ന രീതിയിൽ കാറ്റഗറി അനുസരിച്ചാണ് യോഗ്യതാമാർക്ക് നിശ്ചയിക്കുന്നത്. പരീക്ഷ, വ്യവസ്ഥകൾ എന്നിവ അറിയാൻ https://ntaneet.nic.in കാണുക. നീറ്റ് യോഗ്യത നേടുന്നതിനൊപ്പം വിവിധ പ്രവേശന പ്രക്രിയകളിലേക്ക് അപേക്ഷിച്ച് ചോയ്സ് നൽകണം.

എം.ബി.ബി.എസ്. ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലെ പ്രവേശനം നീറ്റ് റാങ്ക് പരിഗണിച്ച് യോഗ്യതാ കോഴ്സ് മാർക്കിനും വിധേയമായിട്ടാണ് നൽകുക. മികച്ച കോളേജുകളിൽ പ്രവേശനം കിട്ടാൻ നീറ്റിൽ മികച്ച റാങ്ക് ഉണ്ടായിരിക്കണം.