കല്പറ്റ: സൗജന്യമായി ലഭിച്ച 50 ഏക്കർ കാപ്പിത്തോട്ടം വേണ്ടെന്നുവെച്ച് മെഡിക്കൽ കോളേജിനായി വയനാട്ടിലെ പരിസ്ഥിതിലോല പ്രദേശം കോടിക്കണക്കിന് രൂപകൊടുത്ത് വാങ്ങാനുള്ള സർക്കാർതീരുമാനം വിവാദമാവുന്നു. കൽപ്പറ്റയ്ക്കടുത്ത് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം ഉപേക്ഷിച്ചാണ് സർക്കാർ പുതിയസ്ഥലം വിലയ്ക്കെടുക്കുന്നത്.

പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് എന്നതാണ് സ്ഥലമുപേക്ഷിക്കലിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുപ്രളയകാലത്തും ഒരു പ്രകൃതിദുരന്തവും സംഭവിക്കാത്ത ഈസ്ഥലം പരിസ്ഥിതി ദുർബലപ്രദേശമാണ് എന്നുപറയുന്നത് ഏത് പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ ചോദിക്കുന്നു. കഴിഞ്ഞവർഷം വയനാട്ടിൽ കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിന്റെ 50 ഏക്കറാണ് സർക്കാർ പുതുതായി കണ്ടെത്തിയ സ്ഥലമെന്നതാണ് വലിയ വൈരുധ്യം.

മെഡിക്കൽ കോളേജ് നിർമിക്കാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് കൽപ്പറ്റ-മാനന്തവാടി റോഡിൽ കോട്ടത്തറ പഞ്ചായത്തിലെ മുരണിക്കരയിലെ 50 ഏക്കർ കാപ്പിത്തോട്ടം കല്പറ്റയിലെ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയത്. മെഡിക്കൽ കോളേജിന് ആധുനിക വയനാടിന്റെ ശിൽപ്പികളിലൊരാളായ എം.കെ. ജിനചന്ദ്രന്റെ പേരുനൽകുക, വയനാട്ടിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് പ്രവേശത്തിന് സംവരണം നൽകുക എന്നീ ഉപാധികളോടെയാണ് ട്രസ്റ്റ് ഭൂമി നൽകിയത്.

ഇവയംഗീകരിച്ച് ഈ പദ്ധതിക്ക്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. പിന്നീടുവന്ന ഇടതുസർക്കാർ നിർമാണോദ്ഘാടനം നടത്തുകയും ചെയ്തു. റോഡ് നിർമാണമടക്കം പാതിവഴിയിലെത്തിയപ്പോഴാണ് ഈ ഭൂമി അനുയോജ്യമല്ലെന്ന് പറഞ്ഞ് ഇപ്പോഴത്തെ സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നത്. കെട്ടിടം നിർമിക്കുന്നതിനുമുമ്പ് കൂടുതൽ പരിശോധന വേണമെന്ന് കഴിഞ്ഞവർഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) ശുപാർശ ചെയ്തിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ മാർഗനിർദേശമനുസരിച്ചുള്ള ജിയോ ടെക്നിക്കൽ പരിശോധനയാണ് ശുപാർശ ചെയ്തത്. പാരിസ്ഥിതികപ്രശ്നങ്ങളെ ചെറുക്കാനാവശ്യമായ മുൻകരുതലുകൾ നിർദേശിക്കാനും സ്ഥലത്തിന്റെ ശേഷി ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

ഈ സ്ഥലത്ത് കെട്ടിടനിർമാണം പാടില്ലെന്ന് ജി.എസ്.ഐ. പറഞ്ഞിട്ടില്ലെന്ന് അന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ജിയോ ടെക്‌നോളജിക്കൽ പരിശോധന നടന്നതായോ അതിന്റെ വിശദാംശങ്ങളോ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ഇപ്പോൾ വൈത്തിരി പഞ്ചായത്തിൽ സർക്കാർ ഏറ്റെടുക്കാൻപോകുന്ന ഭൂമിയിൽ പരിസ്ഥിതി ആഘാതപഠനം നടത്തിയതായും അറിവില്ല. മെഡിക്കൽ കോളേജ് നിർമിക്കുന്നില്ലെങ്കിൽ സൗജന്യമായി നൽകിയ ഭൂമി തിരികെനൽകണമെന്നാണ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിലപാട്.

bb

കാര്യങ്ങൾക്ക് വ്യക്തത വരുത്തണം

bb

മെഡിക്കൽ കോളേജിനായി ഇപ്പോൾ കണ്ടെത്തിയ വൈത്തിരി പഞ്ചായത്ത് അതി പരിസ്ഥിതിലോല പ്രദേശമാണെന്ന് മുമ്പേ പ്രഖ്യാപിക്കപ്പെട്ടതാണ്. അതിനുശേഷവും അവിടെ വലിയ കെട്ടിടങ്ങൾ വന്നു. മെഡിക്കൽകോളേജ് നിർമിക്കാൻ യോജിച്ച സ്ഥലമാണെന്ന് കണ്ടെത്താൻ സ്ഥലമേറ്റെടുക്കുംമുമ്പ് എന്തെങ്കിലും പരിസ്ഥിതിപഠനം നടത്തിയിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം.

-എം.കെ. ദേവസ്യ, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, ജില്ലാ സെക്രട്ടറി

bbഭൂമി അനുയോജ്യമെന്ന് ഉറപ്പുവരുത്തണം- ലെൻസ് ഫെഡ്

bbമെഡിക്കൽ കോളേജിനായി കണ്ടെത്തിയ ചേലോട് എസ്റ്റേറ്റിലെ ഭൂമി നിർമാണത്തിന് അനുയോജ്യമാണോ എന്ന് വ്യക്തത വരുത്തണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ഫെഡറേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി. ഏറെ പരിസ്ഥിതി ദുർബലപ്രദേശമാണ് വൈത്തിരി പഞ്ചായത്തെന്ന് കണ്ടെത്തിയത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും അനുബന്ധ വകുപ്പുകളുമാണ്. കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും പ്രളയത്തിൽ കെട്ടിടങ്ങൾ മണ്ണിലേക്ക്‌ താഴ്ന്നുപോയത് ഈ പ്രദേശത്താണ്. മാത്രമല്ല രണ്ടുനിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കാൻ അനുവാദമില്ലാത്ത പഞ്ചായത്ത് കൂടിയാണ് വൈത്തിരി. പുതിയഭൂമിയിൽ ശാസ്ത്രീയപരിശോധന നടത്തണം. ഗിരീഷ് കെ. നായർ അധ്യക്ഷത വഹിച്ചും. ടി. അനൂപ് കുമാർ, ഹാരിസ് അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.