മാനന്തവാടി: സഭാനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സന്ന്യാസിനീസഭയിൽനിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയെ അവർ താമസിക്കുന്ന കാരക്കാമലയിലെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയിൽ പോകാനായി ഇറങ്ങിയപ്പോഴാണ് മഠത്തിന്റെ ഗേറ്റ് പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസ്റ്റർ വെള്ളമുണ്ട പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പള്ളിയിലായിരുന്ന മഠാധികൃതരെ വിളിച്ചുവരുത്തി ഗേറ്റ് തുറപ്പിച്ചാണ് ലൂസിയെ മോചിപ്പിച്ചത്.

ഗേറ്റ് പൂട്ടിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി, പോലീസിൽ പരാതി നൽകി. അന്യായമായി തടങ്കലിലാക്കിയതിന് പോലീസ് കേസെടുത്തു.

അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റർ ലൂസിയെ എഫ്.സി.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് പുറത്താക്കിയത്. മകളെ മഠത്തിൽനിന്ന് കൂട്ടിക്കൊണ്ട‌ുപോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10-ന് സിസ്റ്റർ ലൂസിയുടെ അമ്മ റോസമ്മ സ്കറിയയ്ക്ക് എഫ്.സി.സി. മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയ കത്തയച്ചിരുന്നു. പതിനേഴാം തീയതിക്കുള്ളിൽ കൂട്ടിക്കൊണ്ടുപോകണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

പുറത്താക്കിയ നടപടിക്കെതിരേ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ സമരംചെയ്ത കന്യാസ്ത്രീകൾക്ക് ലൂസി കളപ്പുര പിന്തുണ നൽകിയിരുന്നു. മേയ് 11-ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. കാരണംകാണിക്കൽ നോട്ടീസിന് സിസ്റ്റർ ലൂസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സഭയുടെ വാദം.