മുബൈ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മതനിരപേക്ഷ കൂട്ടായ്മ രൂപവത്കരിച്ച് ജാതി-മത വർഗീയ ശക്തികളുടെ അക്രമങ്ങളെ പ്രതിരോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ദേശീയസമ്മേളനം. ഭരണകൂട ഒത്താശയോടെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളിൽ സമ്മേളനം പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ. ദേശീയപ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി പ്രീതി ശേഖർ പ്രമേയം അവതരിപ്പിച്ചു. ആദിവാസി-ദളിത്-ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്ക് ഇരയായവർ സമ്മേളനത്തിനെത്തിയിരുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ 2014-ൽ പുണെയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, അഹമ്മദ്നഗറിൽ സവർണരാൽ കൊലചെയ്യപ്പെട്ട ദളിത് വിദ്യാർഥി നിതിൻ ആഗെയുടെ പിതാവ് രാജു ആഗേ, ഗോസംരക്ഷകർ അഹമ്മദാബാദിൽ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരൻ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയിൽ സവർണജാതിക്കാരുടെ മർദനത്തിനിരയായ ദളിത് യുവാക്കളിൽപ്പെട്ട വൈഷ് റാം, അശോക് സർവയ്യ, പിയൂഷ് സർവയ്യ, കഴിഞ്ഞ മാസം തിരുനൽവേലിയിൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ. നേതാവ് അശോകിന്റെ സഹോദരൻ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
നടൻ നസിറുദ്ദീൻ ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. ഇത്തരം പരിപാടികൾ മതേതര വിശ്വാസികൾക്ക് കൂടുതൽ ഊർജം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി അധ്യക്ഷയായ രണ്ടാം സെഷനിൽ, സുപ്രീംകോടതി മുൻ ജസ്റ്റിസ് ഗോപാൽ ഗൗഡ മുഖ്യപ്രഭാഷണം നടത്തി. തടവിൽക്കഴിയുന്ന മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, സാമൂഹികപ്രവർത്തകരായ ഡോ. രാം പുനിയാനി, തീസ്ത സെതൽവാദ്, മറിയം ധൗളെ, ശൈലേന്ദ്ര കാംബ്ലെ, പത്രപ്രവർത്തകരായ പ്രതിമ ജോഷി, കലീം സിദ്ദിഖീ, ഡി.വൈ.എഫ്.ഐ. മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് സുനിൽ ധനവ എന്നിവർ സംസാരിച്ചു.