കോഴിക്കോട്: ‘‘എം.ടി. വാസുദേവൻ നായരെ അറബിപ്പൊന്ന് ഒളിച്ചുകടത്തിയതിന് അറസ്റ്റുചെയ്തു’’ എന്ന വാർത്ത വായിച്ച് ആരെങ്കിലും പിന്നീട് ചോദിക്കാൻ വന്നാൽ എനിക്കു പറയുവാനുത്തരമുണ്ട്. ‘‘സാഹിത്യത്തെക്കാളും നല്ല ബിസിനസ്സാണിതെന്നു തോന്നി. അതുകൊണ്ടുചെയ്തു.’’

വിഷമം അതല്ല. ഒന്നുമറിയാതെ, നിർദോഷികളായിരിക്കുന്ന പലരും ഇതിൽ പെട്ടുപോയേക്കാം; ആസൂത്രണം എവിടെയെങ്കിലും ഓട്ടപ്പെട്ടാൽ.

‘‘എം.ടി. എന്തു പറയുന്നു?’’

പണത്തിന്റെ പ്രലോഭനം ഒരുവശത്ത്. അവസാനം ഞാൻ പറഞ്ഞു: ‘‘ഞാൻ തയ്യാറില്ല.’’

അങ്ങനെ, വന്നവർ ഒന്നും സംഭവിക്കാതെ പിരിഞ്ഞുപോയി.

- അറബിപ്പൊന്ന് കച്ചവടത്തിന് ഇടനിലക്കാരായിനിന്നു പണമുണ്ടാക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ആറുപതിറ്റാണ്ടുമുമ്പ് എം.ടി. തന്നെ എഴുതിയതാണിത്. എൻ.പി. മുഹമ്മദുമൊത്ത് രചിച്ച ‘അറബിപ്പൊന്ന്’ എന്ന നോവലിന്റെ ആമുഖക്കുറിപ്പ്.

സ്വർണക്കടത്തും അതിലെ പുത്തൻവഴികളും ചതിപ്രയോഗങ്ങളും ‘പൊട്ടിക്കലു’മൊക്കെ തുടർച്ചയായി വാർത്തയാവുമ്പോൾ എം.ടി.യും എൻ.പി.യും ചേർന്ന് ഈ നോവലെഴുതാനുണ്ടായ സാഹചര്യം കൗതുകമാവുകയാണ്. കോഴിക്കോട്ടെ അറബിപ്പൊന്ന് കച്ചവടത്തിലെ കാണാക്കഥകൾ ആവിഷ്കരിച്ച നോവലെഴുതുന്നതിനു മുമ്പാണ് എഴുത്തുകാർ അതിന് ഇടനിലക്കാരാകാൻ ശ്രമിച്ചത്. അതേക്കുറിച്ച് എം.ടി.യുടെ വാക്കുകൾ ഇങ്ങനെ: ‘‘അറബിപ്പൊന്നിനെപ്പറ്റി നോവലെഴുതുകയായിരുന്നില്ല ആദ്യത്തെ ഉദ്ദേശ്യം. വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു. ഒരു നോവലെഴുതുന്നതിനു വേണ്ടതിലുമധികം ബുദ്ധിയും പ്രതിഭയും ധൈര്യവും അതിനാവശ്യമുണ്ടെന്നു പിന്നീടാണെനിക്കു മനസ്സിലായത്.’’

എൻ.പി. മുഹമ്മദാണ് നിത്യവും അറബിപ്പൊന്നിനെക്കുറിച്ചുള്ള കഥകൾ എം.ടി.യും എം.വി. ദേവനും പട്ടത്തുവിള കരുണാകരനുമൊക്കെ ഉൾപ്പെടുന്ന സായാഹ്നസൗഹൃദസദസ്സിലേക്കെത്തിക്കാറ്. തെക്കേപ്പുറത്ത് താമസിച്ചിരുന്ന അദ്ദേഹത്തിന് ഈ കഥകൾ ധാരാളമായി ലഭിക്കാറുണ്ടായിരുന്നുവെന്ന് എൻ.പി.യുടെ മകൻ എൻ.പി. ഹാഫിസ് മുഹമ്മദ് പറയുന്നു. എൻ.പി.ക്ക് ഇത്തരം കാര്യങ്ങളിലുള്ള അറിവിനെക്കുറിച്ച് നോവലിന്റെ ആമുഖക്കുറിപ്പിൽ എം.ടി. വിസ്മയം രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഞാനൊ’ഴികെ നഗരത്തിലുള്ള ഓരോരുത്തനും പൊന്നുകൊണ്ട് പണമുണ്ടാക്കുന്നു എന്നായിരുന്നു പൊതുവിശ്വാസം. ഡിറ്റക്ടീവ് നോവലുകൾ ധാരാളമായി വായിച്ചിരുന്ന കാലമാണത്. അത്തരം ചർച്ചകൾക്കിടയിലാണ് അറബിപ്പൊന്ന് കച്ചവടത്തെക്കുറിച്ച് നോവലെഴുതുകയെന്ന ആശയം ഉദിക്കുന്നത്. അതിന്റെ വിവരശേഖരണത്തിനിടയിലാണ് എം.ടി.യും എൻ.പി.യും ഈ കച്ചവടത്തിൽ ഇടനിലക്കാരാവാൻ അവസരം വന്നത്. അതിൽനിന്നു പിന്മാറിയതോടെ നോവൽ രചനയ്ക്കുള്ള ശ്രമം ഉഷാറാക്കി.

എം.വി. ദേവനൊപ്പം ചിത്രകല പഠിച്ച തൃക്കടീരി ടി.എം. വാസുദേവൻ നമ്പൂതിരി കരുവാരക്കുണ്ടിലെ അവരുടെ കളത്തിലൊരുക്കിയ താമസസ്ഥലത്തുവെച്ചാണ് ‘അറബിപ്പൊന്നി’ന്റെ രചന പൂർത്തിയാക്കിയത്. 1959-ൽ എഴുതി പൂർത്തിയാക്കിയ നോവൽ അടുത്തവർഷം വായനക്കാരുടെ കൈകളിലെത്തി.

‘‘രണ്ടുമാസത്തേക്കെന്നു പറഞ്ഞുപോയ ആൾ ഒരുമാസംകൊണ്ട് തിരിച്ചുവന്നുവെന്ന് ഉമ്മ പറഞ്ഞ ഓർമയുണ്ട്. ദുനിയാവിന്റെ അറ്റമെന്ന പോലെയാണ് കരുവാരക്കുണ്ടിനെപ്പറ്റി ഉമ്മ പറയാറ്’’- ഹാഫിസ് മുഹമ്മദ് പറഞ്ഞു.

ഇന്നത്തെ കള്ളക്കടത്തുകഥകളിലെ സ്വപ്നാ സുരേഷിന്റെയും ശിവശങ്കരന്റെയുമൊക്കെ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളെ ‘അറബിപ്പൊന്നി’ലും കാണാമെന്ന് ഹാഫിസ് മുഹമ്മദ് ചൂണ്ടിക്കാട്ടി. മിസിസ് ജാനകി മേനോനെ ഇന്നത്തെ സ്വപ്ന സുരേഷിന്റെ സ്ഥാനത്തുകാണാം. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കുമൊക്കെ കടത്തുകാരുമായുള്ള ബന്ധവും വ്യാപാരത്തിന്റെ ഒരോഹരി അവർക്ക് പോകുന്നതും ഒക്കെ നോവലിസ്റ്റുകൾ അന്നേ പറഞ്ഞിട്ടുണ്ട്.

പാലത്തിന്റെ ചുവട്ടിൽനിന്ന്‌ മൂന്നു തീപ്പെട്ടിക്കൊള്ളി കത്തിച്ചുകാണിക്കുന്നതും രഹസ്യഭാഷ ഉപയോഗിക്കുന്നതുമൊക്കെയാണ് അന്നത്തെ രീതികൾ. സാങ്കേതികവിദ്യ മാറിയപ്പോൾ ഉപകരണങ്ങളിലും ഉപാധികളിലും മാറ്റം വന്നെങ്കിലും സ്വർണക്കടത്തിന്റെ അടിസ്ഥാനപ്രമാണങ്ങളൊക്കെ ഒന്നുതന്നെ. അന്നുമിന്നും സാഹസികതയുള്ള മനുഷ്യർക്ക് പറഞ്ഞിട്ടുള്ള കാര്യമാണിത്. ‘പൊട്ടിക്കലൊ’ക്കെ അന്നുമുണ്ട്. കൂടെയുള്ളവർ ചതിച്ചതിനാൽ സ്വർണം നഷ്ടപ്പെട്ട് ഭ്രാന്തായി നടക്കുന്ന അറബിയൊക്കെ നോവലിലുണ്ട്. എങ്കിലും ഇന്നത്തെയത്ര വിശ്വാസവഞ്ചനയില്ലെന്നു കാണാം -അദ്ദേഹം പറയുന്നു. 

ഇന്ന് രീതികള്‍ മാറി

സ്വര്‍ണക്കടത്തിന്റെ രീതികള്‍ ഇന്നു മാറിയിട്ടുണ്ട്. അന്നൊക്കെ കച്ചവടത്തിന് പത്തേമാരികളെത്തും. അതിലാണ് പൊന്ന് കൊണ്ടുവരുക. കോഴിക്കോട് അതിന്റെ ഒരുസ്ഥലമായിരുന്നു. ഇപ്പോള്‍ വിമാനങ്ങളിലാണല്ലോ എത്തിക്കുന്നത്. അതിനാല്‍ കേരളത്തില്‍ എല്ലായിടത്തും ഇത്തരം കച്ചവടം നടക്കുമെന്നായി -എം.ടി.

Content Highlights: Arabi Ponnu, M. T. Vasudevan Nair and N. P. Mohammed, gold smuggling case