ഒഞ്ചിയം: സ്കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുവരുന്ന വഴി മടപ്പള്ളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം മുമ്പിൽ ട്രെയിൻ വരുന്നതുകണ്ട് പ്രാണരക്ഷാർഥം താഴ്ചയിലേക്ക് ചാടിയ ആദിത്യ എത്തിയത് മരണത്തിലേക്ക്. വീഴ്ചയിലുണ്ടായ ആന്തരിക രക്തശ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.

മിക്കദിവസങ്ങളിലും ഒഞ്ചിയത്തുനിന്ന് കണ്ണൂക്കരയിൽ പോയി ബസ് വഴിയായിരുന്നു ആദിത്യയുടെ യാത്ര. ചിലദിവസങ്ങളിൽ മടപ്പള്ളി റെയിൽവേ പാത മുറിച്ചുകടന്നുള്ള കാൽനടയാത്രയും.

ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരികളോട് യാത്രപറഞ്ഞ് തനിച്ച് നടന്നത് മരണത്തിന്റെ വഴിയിലേക്കായിരുന്നു. ക്ളാസിലെ ശ്രദ്ധേയമായ വ്യക്തിത്വമുള്ള വിദ്യാർഥിനിയായിരുന്നു ആദിത്യയെന്ന് ക്ളാസ്‌ടീച്ചർ വിനീത പറയുന്നു. ഏതൊരു പ്രവൃത്തിയും ഉത്തരവാദിത്വത്തോടെ ചെയ്യും. ക്ളാസിൽ വിവിധ ചുമതലകൾ പങ്കുവെച്ചതിൽ ആദിത്യ ശുചിത്വമന്ത്രിയുടെ ചുമതല കൃത്യമായി നിർവഹിക്കുമായിരുന്നു.

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്കുള്ള വഴിയിൽ സഹപാഠികൾക്ക് ഒരുനോക്കുകാണാൻ അഞ്ചുമണിയോടെ മൃതദേഹം സ്കൂളിൽ എത്തിച്ചു. ദുഃഖം വിങ്ങിപ്പൊട്ടിയ സ്കൂൾ അന്തരീക്ഷത്തിൽനിന്ന്‌ ആറ്ുമണിയോടെ വീട്ടിലേക്ക് അന്ത്യയാത്ര.