പയ്യോളി: “കുറച്ച് വർഷങ്ങൾക്കുമുമ്പേ നിങ്ങളുടെ വീട്ടിൽനിന്ന് ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങൾ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം...’ -ഒരു മോഷ്ടാവിന്റെ കത്തിലെ വരികളാണിവ.

ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും നഷ്ടപ്പെട്ട ഏഴരപ്പവന്റെ മാലയും ഒമ്പതുവർഷത്തിനുശേഷം തിരിച്ചുകിട്ടിയത്.

റസാഖിന്റെ ഭാര്യ ബുഷ്റയുടെ മാല കാണാതാവുന്നത് 2012-ലാണ്. വിശേഷദിവസങ്ങളിൽ അണിയുന്ന മാലയാണ് അലമാരയിൽനിന്ന് നഷ്ടപ്പെട്ടത്. ഒരിക്കൽ മാലധരിച്ച് പുറത്തുപോകാൻ നോക്കിയപ്പോഴാണ് മാല അലമാരയിൽ ഇല്ലെന്നറിയുന്നത്. വീട്ടിലെ എല്ലായിടത്തും തപ്പിയെങ്കിലും കിട്ടിയില്ല. വീട്ടിൽ കള്ളൻകയറിയ സൂചനയും ഉണ്ടായിരുന്നില്ല. മാല വീണുപോയതായിരിക്കുമെന്ന് ബുഷ്റ സംശയിച്ചു. പതിയെ സംഭവം മറന്നുപോകുകയും ചെയ്തു.

കഴിഞ്ഞദിവസം രാവിലെ ജനാലയ്ക്കരികിലാണ് ഒരു കടലാസുപൊതി കാണുന്നത്. പൊതികണ്ട് ഭയംതോന്നിയ ബുഷ്റ വടികൊണ്ട് അത് തട്ടിത്താഴെയിട്ടു. പിന്നെ നോക്കിയപ്പോഴാണ് കണ്ണ് തിളങ്ങിപ്പോയത് -ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ മാലയും ഒരു കത്തും...

എട്ട് പവനായിരുന്നു നഷ്ടപ്പെട്ട മാല. ഇപ്പോഴത്തെ വില കണക്കിലെടുത്ത് കള്ളൻ ഏഴരപ്പവന്റെ മാലയാണ് പകരം നൽകിയതെന്നുമാത്രം.

Content Highlights: A thief retured stolen gold chain to the owners after nine years