ആദ്യം കടമ, പിന്നെ കല്യാണം
കാരശ്ശേരി : ഡോ. ഷിഫ എം. മുഹമ്മദിന്റെ വിവാഹം നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്. പക്ഷേ, ഇപ്പോൾ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുത്തു. മകളുടെ മഹാമനസ്കത മനസ്സിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണച്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെച്ചു.
നവവധുവാകേണ്ട ഡോ. ഷിഫ പരിയാരം മെഡിക്കൽ കോളേജിലെ കൊറോണ ഐസോലേഷൻ വാർഡിൽ മഹാമാരിക്കെതിരായ ശുശ്രൂഷയിൽ കർമനിരതയാണ്.
എൽ.ഡി.എഫ്. കോഴിക്കോട് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോ. ഷിഫ. വലിയപൊയിൽ സാലിബ്ഖാന്റെയും സൗദാ ബീവിയുടെയും മകൻ അനസ് മുഹമ്മദുമായുള്ള വിവാഹം മാർച്ച് 29-ന് ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്കത്തും തയ്യാറാക്കി, ഒരുക്കങ്ങളും നടത്തി. അതിനിടയിലാണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗൺ അടക്കമുള്ള അടിയന്തരസാഹചര്യത്തിലേക്ക് നാട് മാറിയതും.
രോഗീപരിചരണരംഗത്ത് സജീവസാന്നിധ്യമാവുകയാണ് തന്റെ കടമയെന്ന് ഡോ. ഷിഫ ആഗ്രഹമറിയിച്ചപ്പോൾ ഇരുവീട്ടുകാരും സർവാത്മനാ പിന്തുണയ്ക്കുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജിലെ കൊറോണ ഐസോലേഷൻ വാർഡിൽ ഡോ. ഷിഫ തിങ്കളാഴ്ചയും പതിവുപോലെ രോഗികളെ പരിചരിക്കുന്നതിൽ മുഴുകി.