മാവൂർ : ചെറുപുഴയ്ക്ക് കുറുകെ, മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവിനേയും കണ്ണിപറമ്പിനേയും ബന്ധിപ്പിക്കുന്ന ചെറുപാലത്തിൽ എന്നും ഗതാഗതക്കുരുക്കാണ്. കൂടാതെ പാലത്തിന്റെ കൈവരികൾ വാഹനങ്ങൾ ഇടിച്ചും കാലപ്പഴക്കത്താലും തകർന്ന് വലിയ അപകട ഭീഷണിയും ഉയർത്തുന്നു. കോഴിക്കോട്, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നുള്ളവർ, കൂളിമാട്, ആർ.ഇ.സി., മുക്കം ഭാഗത്തേക്ക് എത്തുവാൻ ഉപയോഗിക്കുന്ന എളുപ്പവഴിയാണ് കുറ്റിക്കടവ് ചെറുപാലം. കൂടാതെ ചൂലൂരിലെ എം.വി.ആർ. കാൻസർ സെന്ററിലേക്കുമുള്ള എളുപ്പമാർഗവുമാണിത്.

ചാത്തമംഗലം, കൊടിയത്തൂർ, ചെറൂപ്പ, മണക്കാട്, മാവൂർ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നതും ഈ പാലം വഴിയാണ്. പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി അനുവദനീയമല്ലാത്ത ഭാരംകയറ്റിയ വലിയവാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ സ്ഥാപിച്ച കമാനം തുടക്കത്തിലേ നശിപ്പിച്ചിരുന്നു. ഏതുസമയവും വാഹനങ്ങളുടെ തിരക്കായതിനാലും നടപ്പാത ഇല്ലാത്തതിനാലും ഇതുവഴി നടന്നുപോകാൻ പ്രയാസമാണ് .

ഈ പാലത്തിലൂടെ നടന്നുപോയ കാൽനടയാത്രക്കാരൻ ടിപ്പർലോറിക്കും കൈവരിക്കും ഇടയിൽ കുടുങ്ങി മരണപ്പെട്ട സംഭവംവരെ ഉണ്ടായിട്ടുണ്ട്. ഒരു വാഹനം കടന്നുപോയിക്കഴിഞ്ഞതിന് ശേഷമേ ഇതുവഴി നടക്കാൻ സാധിക്കൂ. ഈ പാലത്തിന് ശേഷം നിർമിച്ച ചെട്ടിക്കടവ് പാലം വീതികൂട്ടാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കുറ്റിക്കടവ് പാലത്തോടുള്ള അവഗണനയ്ക്ക് കാരണം രാഷ്ട്രീയ വിവേചനമാണെന്ന് ആക്ഷേപമുയരുന്നുണ്ട്. നേരത്തെ തടിപ്പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

വെള്ളപ്പൊക്കക്കാലത്ത് പാലം ഒലിച്ചുപോകുന്നത് പതിവായതിനെത്തുടർന്ന് 1998-ൽ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തിൽ അന്നത്തെ എം.പി. ഇ. അഹമ്മദിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലം വലുതാക്കണമെന്ന ആവശ്യം അന്നേ ഉയർന്നിരുന്നു. മാവൂരിലേക്കുള്ള പ്രധാന റോഡിൽ ഗതാഗതതടസ്സം നേരിട്ടാൽ, പകരം ഉപയോഗിക്കാനുള്ള ഏകമാർഗമാണ് ഈ പാലം. പാലവും അനുബന്ധറോഡും വികസിപ്പിച്ചാൽ കുറ്റിക്കടവ്, കണ്ണിപറമ്പ് പ്രദേശങ്ങളിൽ വലിയരീതിയിലുള്ള വികസനം കടന്നുവരും.

പ്രശ്നം കുന്ദമംഗലം എം.എൽ.എ.യുടെ ശ്രദ്ധയിൽ പലപ്രാവശ്യം പെടുത്തിയിട്ടും ഒന്നും നടന്നില്ലെന്നും നാട്ടുകാർ പരാതിപറയുന്നു. നൂറുകണക്കിന് പേർ ആശ്രയിക്കുന്ന ഈ ചെറുപാലത്തിന്റെ മാറ്റത്തിനായി എന്നെങ്കിലും ബന്ധപ്പെട്ടവർ കണ്ണുതുറക്കുമെന്നും അങ്ങിനെ ചെറിയപാലം മാറി വലിയ പാലമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കുറ്റിക്കടവ്-കണ്ണിപറമ്പ് നിവാസികൾ.