ന്യൂഡൽഹി : തലശ്ശേരി-മട്ടന്നൂർ സംസ്ഥാനപാത, വടകര-മൈസൂരു പാത എന്നിവ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ. മുരളീധരൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ-മട്ടന്നൂർ വിമാനത്താവളം-വിരാജ്‌പേട്ട -മൈസൂരു പാത ‘ഭാരത് മാല’ പദ്ധതി വഴി വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും അടിയന്തരമായി പ്രവൃത്തികൾ നടത്താനുള്ള പദ്ധതികളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയിലെയും യാത്രക്കാർക്ക് തലശ്ശേരിയിലൂടെ വേണം മട്ടന്നൂർ വിമാനത്താവളത്തിലെത്താൻ. അതിനാൽ തലശ്ശേരി-മട്ടന്നൂർ സംസ്ഥാനപാതകൂടി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചാൽ ആയിരങ്ങൾക്ക് പ്രയോജനകരമാവും.

വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു സംസ്ഥാനപാതയാണ് നിലവിൽ കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗത്തുനിന്ന്‌ വയനാട്, മൈസൂരു ഭാഗങ്ങളിലേക്ക് എത്താനുള്ളത്. ഇതും ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചാൽ ജില്ലയിലെ നല്ലൊരുവിഭാഗം യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.