കോഴിക്കോട് : ദേശീയ വനിതാ ഫുട്ബോളിലെ ഗ്രൂപ്പ് എച്ച് മത്സരത്തിൽ മറുപടിയില്ലാത്ത 20 ഗോളുകൾക്ക് തമിഴ്നാട് തെലങ്കാനയെ തോൽപ്പിച്ചു. ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വിജയികൾക്കായി ഇന്ത്യൻതാരം എ. സന്ധ്യ എട്ടുഗോളും എം. സരിത നാല് ഗോളും എ. ദുർഗ, മാളവിക എന്നിവർ മൂന്നുഗോൾ വീതവും നേടി. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ പഞ്ചാബും ബംഗാളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ മഹാരാഷ്ട്ര എതിരില്ലാത്ത ആറു ഗോളിന് അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. സിക്കിം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ജമ്മു കശ്മീരിനെ തകർത്തു.

ജാർഖണ്ഡിന് ജയം

കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാർഖണ്ഡ് 1-0 ത്തിന് കർണാടകയെ തോൽപ്പിച്ചു. പർണിത തിർക്കി ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ഗോവയും ഡൽഹിയും സമനിലയിൽ പിരിഞ്ഞു (1-1).ഡൽഹിക്കുവേണ്ടി മമ്തയും ഗോവയ്ക്കായി അർപിത യശ്വന്ത് പെഡ്നേക്കറും ഗോൾ നേടി.

അസമിന്‌ ജയം

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹിമാചൽപ്രദേശ് ബീഹാറിനെ തോൽപ്പിച്ചു(3-2). അസം 7-0 ത്തിന് രാജസ്ഥാനെ തോൽപ്പിച്ചു.