കോഴിക്കോട് : വാട്ടർ അതോറിറ്റി കരാറുകാരുടെ മൂന്ന് ദിവസത്തെ സമരം തുടങ്ങി. ഓൾ ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്, വടകര ഡിവിഷന്റെ കീഴിലുള്ള അറ്റകുറ്റപ്പണികൾ നിർത്തിവെച്ചാണ് സമരം.

ജലജീവൻ മിഷൻ പണികളിലെ കുത്തകവത്‌കരണം അവസാനിപ്പിക്കുക, ചെറുകിട കരാറുകാർക്ക് കിട്ടുംവിധം ടെൻഡർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

കരാറുകാർ സൂപ്രണ്ടിങ് എൻജിനിയർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാനജനറൽ സെക്രട്ടറി പി. നാഗരത്നൻ ഉദ്ഘാടനം ചെയ്തു. പി. സോമശേഖരൻ, കെ. സന്തോഷ് കുമാർ, കെ. രമേശൻ, എൻ. റിയാസ്, കെ. ഷാജൻ, കെ. ജിതിൻ ഗോപിനാഥ്, എൻ. കിഷോർകുമാർ തുടങ്ങിയവർ സംസാരിച്ചു.