എടച്ചേരി : അശരണരെ ചേർത്തുപിടിക്കുന്നതാണ് യഥാർഥ മാനവികതയും ജീവകാരുണ്യപ്രവർത്തനവും എന്ന് ഇ.കെ. വിജയൻ എം.എൽ.എ. പറഞ്ഞു. എടച്ചേരി തണലും ബ്ലഡ് ഡോണേഴ്‌സ് കേരള വടകര താലൂക്ക് കമ്മിറ്റിയും സംയുക്തമായി തണലിൽ നടത്തിയ കൂടെ 2021 സംസ്കാരികസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തണൽ പ്രസിഡന്റ് പ്രദീപ് തൈക്കണ്ടി അധ്യക്ഷനായി. തണൽ ലൈബ്രറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന്റെ ഉദ്ഘാടനം സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിച്ചു. കറിവേപ്പില നാടകാവിഷ്കാരം കവി ശ്രീനി എടച്ചേരി ഉദ്ഘാടനംചെയ്തു.

തണൽനിവാസികളുടെ സൃഷ്ടികളടങ്ങിയ കടലിരമ്പം മാഗസിൻ ലോഗോപ്രകാശനം എടച്ചേരി എസ്.ഐ. സന്തോഷ് കുമാർ നിർവഹിച്ചു. സിറാജ് തവന്നൂർ, മൂസ കുറുങ്ങോട്ട്, ശ്രീധരൻ ടി.പി, ഇല്യാസ് തരുവണ, അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, മുഹമ്മദ് കബീർ, എന്നിവർ സംസാരിച്ചു.

തുടർന്ന് കലാക്ഷേത്ര കക്കട്ടിൽ, ഫ്ലവേഴ്‌സ് മെലഡിസ് വടകര എന്നിവർ സ്നേഹവിരുന്ന് ഒരുക്കി. തണൽനിവാസികളുടെ കലാപരിപാടികളും അരങ്ങേറി. കോവിഡ് മഹാമാരി കാരണം ഒന്നരവർഷങ്ങളായി മുറിക്കുള്ളിൽ ഒതുങ്ങിപ്പോയ 240-ഓളം തണൽനിവാസികൾക്ക് ആശ്വാസവും മാനസികോല്ലാസവും പകരുന്നതിനുവേണ്ടിയാണ് തണൽ പരിപാടി സംഘടിപ്പിച്ചത്.