കുന്ദമംഗലം : കെട്ടിടസമുച്ചയത്തിന്റെ മട്ടുപ്പാവിൽ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സൗരോർജപാനൽ പരിപാലനമില്ലാതെ നശിക്കുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ ആണ് കെട്ടിടത്തിന്റെ മട്ടുപ്പാവിൽ സൗരോർജപാനൽ സ്ഥാപിച്ചത്. 10 കിലോവാട്ട് ശേഷിയുള്ള പാനലിൽനിന്ന് ദിവസം 40 യൂണിറ്റ് വൈദ്യുതിയും ലഭിച്ചിരുന്നു. ഏകദേശം 12 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയത്. സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് മാതൃകാപദ്ധതി നടപ്പാക്കിയത്.

സോളാർപാനൽ പ്രവർത്തിച്ചുതുടങ്ങിയതോടെ വൈദ്യുതിബില്ലിൽ നല്ലൊരുതുകയും കുറവുണ്ടായി. ഒരുവർഷത്തിലധികം ഇത് നല്ലരീതിയിൽ പ്രവർത്തിച്ചു. വൈദ്യുതി മുടങ്ങാതെ ലഭിച്ചതോടെ മട്ടുപ്പാവിലേക്ക് ആരും കയറിനോക്കിയതുമില്ല. എന്നാൽ കൃത്യമായ പരിപാലനമില്ലാത്തതിനാൽ ഇൻവെർട്ടർ പ്രവർത്തനം നിലച്ചു. പാനൽ കഴുകി വൃത്തിയാക്കാത്തതും ബാറ്ററിയിൽ യഥാസമയം വെള്ളമൊഴിക്കാത്തതുമാണ് സോളാർപ്രവർത്തനം നിലയ്ക്കാൻ കാരണമായി പറയുന്നത്. പിന്നീട് ആരും ഇത് ശ്രദ്ധിക്കാതായി.

പാനലുകൾ വൃത്തിയാക്കാത്തതിനാൽ ഇത് നാശത്തിന്റെ വക്കിലാണ്. അറ്റകുറ്റപ്പണി നടത്തിയാൽ സൗരോർജപാനൽ ഇനിയും പ്രവർത്തിപ്പിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. ചെറിയ ശ്രദ്ധ ചെലുത്തിയാൽ വലിയനേട്ടം പഞ്ചായത്തിന് ഉണ്ടാവും എന്നതിനാൽ അധികൃതർ ഇത് നന്നാക്കാൻ മുൻകൈ എടുക്കണമെന്നാണ് ആവശ്യം.