വടകര : ഗവ. ജില്ലാ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി.) വഴി നിയമിച്ച ജീവനക്കാർക്ക് ശമ്പളം നൽകാൻമാത്രം ഒരുമാസംവേണ്ടത് ഏഴുമുതൽ എട്ടുലക്ഷംരൂപവരെ. മറ്റ് ദൈനംദിന ചെലവുകളും കൂടിയാകുമ്പോൾ 13 ലക്ഷത്തോളം രൂപ എച്ച്. എം.സി.ക്ക് ഒരുമാസംവേണം. എന്നാൽ കോവിഡ് സാഹചര്യത്തിൽ വരുമാനം ഇടിഞ്ഞതോടെ നിലവിൽ മാസം അഞ്ചുലക്ഷത്തോളം രൂപയുടെ ബാധ്യതയിലാണ് എച്ച്.എം.സി. ഒ.പി.യിലെത്തുന്ന കോവിഡ് രോഗികളുടെ ലാബ് പരിശോധനയ്ക്കുൾപ്പെടെ നൽകിയിരുന്ന സൗജന്യം നിർത്തിയത് ഈ സാഹചര്യത്തിലാണെന്നാണ് വിശദീകരണം.

പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ട് 10 വർഷമായെങ്കിലും അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇതുവരെ ഈ ആശുപത്രിക്ക് അനുവദിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിന്റെ ഭാഗമായാണ് ഇവിടെ എച്ച്.എം.സി വലിയ തോതിലുള്ള നിയമനം നടത്തേണ്ടിവരുന്നത്. 43 ജീവനക്കാരെയാണ് എച്ച്.എം.സി നിയമിച്ചത്. ആകെയുള്ള വരുമാനത്തിന്റെ 60 ശതമാനം മാത്രമേ ജീവനക്കാരുടെ ശമ്പളത്തിന് ചെലവഴിക്കാവൂ എന്നാണ് എച്ച്.എം.സികൾക്കുള്ള നിർദേശം. എന്നാൽ ഇതൊന്നും പ്രാവർത്തികമാകുന്ന സ്ഥിതിയല്ല ജില്ലാ ആശുപത്രിയിലുള്ളത്. ഇതിന്റെ പേരിൽ ഓഡിറ്റ് ഒബ്ജക്ഷനുമുണ്ട്.

അഞ്ച് സ്റ്റാഫ് നഴ്‌സ്, ഒരു ഡെന്റൽ സർജൻ, നാല് ലാബ് ടെക്‌നീഷ്യൻ, 11 സെക്യൂരിറ്റി ജീവനക്കാർ, നാല് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൂന്ന് നഴ്‌സിങ് അസിസ്റ്റന്റ്, മൂന്ന് ഇ.സി.ജി ടെക്‌നീഷ്യൻ, മൂന്ന് രക്തബാങ്ക് ടെക്‌നീഷ്യൻ, ഒരു അനസ്‌ത്യേഷ്യാ ടെക്‌നീഷ്യൻ, ഒരു റേഡിയോഗ്രാഫർ, ഡെന്റൽ മെക്കാനിക്ക് അസിസ്റ്റന്റ് തുടങ്ങി 43 പേരെയാണ് എച്ച്.എം.സി. നിയമിച്ചത്. ലാബ്, എക്സ്‌റേ യൂണിറ്റ്, രക്തബാങ്ക് എന്നിവയെല്ലാം സുഗമമായി പ്രവർത്തിക്കുന്നത് ഈ ജീവനക്കാരെ വെച്ചാണ്. ലാബിലും എക്സ്‌റേ യൂണിറ്റിലും പേരിനുമാത്രമെ സ്ഥിരം തസ്തികയുള്ളൂ.

പ്രധാനമായും ലാബ്, എക്‌സ്‌റേ യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നാണ് എച്ച്.എം.സിക്ക് വരുമാനം കിട്ടുന്നത്. പിന്നെയുള്ളത് ഒ.പി ടിക്കറ്റും സന്ദർശകപ്രവേശനഫീസുമാണ്. ലാബിൽ പുറത്തുള്ളതിനേക്കാൾ മൂന്നിലൊന്ന് തുകയാണ് ഈടാക്കുന്നത്. കോവിഡ് കാലത്ത് എല്ലാവരുമാനവും കുറഞ്ഞതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇന്നത്തെ സാഹചര്യത്തിൽ ജീവനക്കാരെ ഒഴിവാക്കാനും സാധിക്കില്ല. ഒഴിവാക്കിയാൽ ആശുപത്രി പ്രവർത്തനം അവതാളത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്.

ഇത് കൂടുതൽ പരാതികൾക്കിടയാക്കും. ഒരു ജില്ലാ ആശുപത്രിയുടെ ക്രമപ്രകാരമുള്ള ജീവനക്കാരെ അനുവദിച്ചുകിട്ടിയാൽ കുറേയെറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കെട്ടിടഉദ്ഘാടനത്തിന് ആശുപത്രിയിലെത്തിയ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജീവനക്കാരുടെ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുംനടന്നിട്ടില്ല.

ഡോക്ടർ, നഴ്‌സ്, നഴസിങ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ തുടങ്ങി എല്ലാ മേഖലകളിലും ജീവനക്കാരുടെ കുറവുണ്ട്. ആശുപത്രിയുടെ വികസനത്തിന് വഴിയൊരുക്കുന്ന ബഹുനില കെട്ടിടനിർമാണം അവസാനഘട്ടത്തിലാണ്. ആവശ്യത്തിന് ജീവനക്കാരെ കിട്ടിയില്ലെങ്കിൽ കെട്ടിടംകൊണ്ടുമാത്രം കാര്യമില്ലെന്ന അഭിപ്രായവും ശക്തമാകുന്നുണ്ട്.