വടകര : സ്വച്ഛതാപക്ക് വാഡാ പദ്ധതിയുടെയും വടകര നഗരസഭ സമ്പൂർണ മാലിന്യമുക്ത പദ്ധതിയുടെയും ഭാഗമായി നടക്കുന്ന വടകര റെയിൽവേസ്റ്റേഷൻ സൗന്ദര്യവത്കരണത്തിന് പിന്തുണയുമായി കലാകാരന്മാരും സന്നദ്ധസംഘടനകളും. ജിതിൻ കടമേരി വരച്ച ചിത്രങ്ങൾ, സ്ത്രീധനത്തിനെതിരേ കെ. ചന്ദ്രൻ നൂൽക്കമ്പിയിൽ തീർത്ത ശില്പങ്ങൾ എന്നിവ സ്റ്റേഷനിലേക്ക് കൈമാറി. ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ചുകിടന്ന വലിയൊരുഭാഗം തിങ്കളാഴ്ച ശുചീകരിച്ചു. 16-ന് തുടങ്ങിയ ശുചീകരണ പരിപാടി 30-ന് അവസാനിക്കും.

ചിത്രങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ പി. സജീഷ് ഏറ്റുവാങ്ങി. റോട്ടറി പ്രസിഡന്റ് കെ. നാരായണൻ, സെക്രട്ടറി രാജേഷ് കക്കാട്, എം. ഷിനോജ്, സുബ്രഹ്മണ്യൻ, ഡോ. മുഹമ്മദ് ഫിറോസ്, സ്റ്റേഷൻസൂപ്രണ്ട് വത്സലൻ കുനിയിൽ, മണലിൽ മോഹനൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.