കാരശ്ശേരി : നാലുമാസംമുമ്പ് ടാറിങ് നടത്തി നവീകരിച്ച റോഡ് നീളെ തകർന്ന് വലിയ കുഴികളായി. ആനയാംകുന്ന്-മുക്കംകടവ് പാലം റോഡാണ് നന്നാക്കുന്നതിനുമുമ്പത്തെക്കാൾ മോശമായ നിലയിൽ തകർന്നത്.

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 72 ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിച്ചത്.

2020 സെപ്‌റ്റംബർ ഒൻപതിന് അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തെങ്കിലും ഇത്തവണത്തെ മഴക്കാലം ആരംഭിച്ച ശേഷമായിരുന്നു ടാറിങ്ങും വശങ്ങളിലെ കോൺക്രീറ്റ് പണികളും നടന്നത്. ടാറിങ് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും റോഡുനീളെ മെറ്റലും പൊടിയും ഇളകിത്തുടങ്ങി. വശങ്ങളിലെ കോൺക്രീറ്റും പൊളിയാൻ തുടങ്ങി.

ഇപ്പോൾ റോഡാകെ കുഴികളാണ്. മഴയായാൽ വെള്ളക്കെട്ടും‌ം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്.

റോഡ് നിർമാണത്തിലെ അപാകം അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരേ നിയമനടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.