കോഴിക്കോട് : ഏറെ കാത്തിരിപ്പിനൊടുവിൽ വെള്ളിത്തിരയിൽ വീണ്ടും വർണവും വസന്തവും തെളിഞ്ഞു. മലയാള സിനിമകളൊന്നും തിയേറ്ററുകളിലെത്താത്തതിനാൽ പ്രേക്ഷകരിൽനിന്ന് തണുപ്പൻ വരവേല്പാണ് ലഭിച്ചത്. വരുംനാളുകളിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്ററുടമകളും ജീവനക്കാരും.

കോഴിക്കോട് നഗരത്തിൽ കൈരളി, ക്രൗൺ, ആശിർവാദ്, റീഗൽ എന്നീ തിയേറ്ററുകളിലാണ് ബുധനാഴ്ച പ്രദർശനം തുടങ്ങിയത്. വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രമേ എത്തിയുള്ളൂ. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, വെനം, ഷാങ്ചി എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.

കൂടുതൽ സീറ്റുകളുള്ള പല തിയേറ്ററുകളും അടുത്ത വെള്ളിയാഴ്ചയും നവംബർ നാലിനുമായാണ് തുറക്കുന്നത്. ദീപാവലി ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് പ്രദർശനം തുടങ്ങുന്നത് നവംബറിലേക്ക് നീട്ടിയത്. രജനീകാന്തിന്റെ ‘അണ്ണാത്തെ’യാണ് തിയേറ്ററുകൾ കാത്തിരിക്കുന്ന ചിത്രം. പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘മരക്കാർ’ തിയേറ്ററിൽ റിലീസ് ചെയ്‌തേക്കുമെന്ന പ്രതീക്ഷയും ഉടമകൾ പങ്കുവെക്കുന്നു. തമിഴ് ചിത്രമായ ‘ഡോക്ടർ’, മൊഴിമാറ്റിയെത്തുന്ന തെലുങ്ക് ചിത്രമായ ‘പ്രേമതീരം’ എന്നിവ ഈ വെള്ളിയാഴ്ച കോഴിക്കോട്ടെ തിയേറ്ററുകളിലെത്തും.

തിയേറ്ററുകളിൽ പകുതി ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടെങ്കിലും പത്തിലൊന്നുപേർപോലും കാണികളായുണ്ടായിരുന്നില്ല. 148 സീറ്റുകളുള്ള ഒരു തിയേറ്ററിൽ ആദ്യപ്രദർശനത്തിന് അഞ്ചുപേരും ഉച്ചകഴിഞ്ഞുള്ളതിന് രണ്ടുപേരുമാണ് എത്തിയത്. അടച്ചിടുന്നതുകൊണ്ട് ഗുണമില്ലെന്നു കരുതിമാത്രം തുറക്കുകയാണെന്നാണ് ഉടമകളുടെ പ്രതികരണം.

കോവിഡ് മാർഗനിർദേശത്തിലെ ആശയക്കുഴപ്പം കാരണം കുട്ടികളുമായി തിയേറ്ററിലെത്തുന്നതിന് പ്രേക്ഷകർ മടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കേ പ്രവേശനം നൽകാവൂ എന്നാണ് വ്യവസ്ഥ. കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്ത സ്ഥിതിയിൽ എങ്ങനെ അവരുമായി തിയേറ്ററിലേക്കു പോകുമെന്ന സംശയം ആളുകളെ പിന്തിരിപ്പിക്കുന്നു. എ.സി. പ്രവർത്തിപ്പിക്കരുതെന്ന മാർഗനിർദേശവും ആളുകളെ അകറ്റുന്നുണ്ട്.