പയ്യോളി : ദേശീയപാതയിൽ പെരുമാൾപുരത്ത് ടാങ്കറിനു പിറകിൽ ലോറിയിടിച്ചു. അപകടത്തിൽപ്പെട്ട ലോറിക്കുള്ളിൽ കുടുങ്ങിയ മൂന്നുപേരെ കഠിനപരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷിച്ചു. ഡ്രൈവർ തൃശ്ശൂർ സ്വദേശി സനിൽ (38), ലോറിയിലുണ്ടായിരുന്ന പുതിയങ്ങാടി ജാവേദ് (34) അസ്‌കർ (33) എന്നിവർ സഞ്ചരിച്ച ലോറിയാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. സനിലിനും ജാവേദിനും കാലിന് പറ്റിയ പരിക്ക് ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കർലോറിയുടെ പിന്നിൽ ഇതേദിശയിൽ വടകരയ്ക്ക് മരുന്നുമായി പോകുന്ന ലോറി ഇടിക്കുകയായിരുന്നു. ഗ്യാസ് ലോറി ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് ഇടയായതെന്ന് പറയുന്നു. ഗ്യാസ് ലോറിക്ക് മുന്നിൽ ഓട്ടോറിക്ഷ പെട്ടെന്ന് കയറിയതിനാൽ ബ്രേക്ക് ഇടുകയായിരുന്നുവത്രേ. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ബോഡി തകർന്ന് ഉള്ളിലേക്ക് അമർന്നതോടെ മൂന്നുപേരും അനങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയി. നാട്ടുകാരും സമീപത്ത് പെയിന്റ് അടിക്കുന്ന തൊഴിലാളികളും ഇതിനിടെ സ്ഥലത്തെത്തിയ പയ്യോളി പോലീസുമെല്ലാം ചേർന്ന് 20 മിനിറ്റുകൊണ്ട്‌ നടത്തിയ കഠിനപരിശ്രമത്താലാണ് ഇവരെ പുറത്തെടുക്കാനായത്. വടകര നിന്ന് ഫയർഫോഴ്‌സ് എത്തുന്നതിനുമുമ്പ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.