രാമനാട്ടുകര : കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായാലും ടെലിഫോൺ കേബിൾ ഇടാനായാലും ഒരുറോഡും ഇങ്ങനെ കുത്തിപ്പൊളിക്കരുത്. പറയുന്നത് അഴിഞ്ഞിലം-ഫാറൂഖ് കോളേജ് റോഡിലൂടെ പോകുന്ന യാത്രക്കാരും റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരുമാണ്.

ഒന്നരമാസം മുമ്പാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത നിലവാരത്തിലുള്ള ഈ റോഡിന്റെ രണ്ടുവശവും ജല അതോറിറ്റി കുത്തിപ്പൊളിച്ചത്. റബ്ബറൈസ്ഡ് റോഡിന്റെ നടുഭാഗംമാത്രമാണ് ഇപ്പോൾ ടാർ കാണുന്നത്.

കോഴിക്കോട് ബൈപാസ്സിലേക്ക് ദേശീയപാതയിൽ ചുങ്കം ജങ്‌ഷനിൽനിന്ന് എത്തിച്ചേരാവുന്ന പ്രധാന റോഡാണിത്. ഇടതടവില്ലാതെ സദാസമയവും വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇപ്പോൾ ഗതാഗതം ദുഷ്കരമാണ്. പൈപ്പുലൈൻ സ്ഥാപിക്കാൻ ഒരുവശം പൊളിച്ചു പൈപ്പിട്ടതിനുശേഷം മറുവശം പൊളിച്ചിരുന്നെങ്കിൽ ഈ ഗതികേട് നാട്ടുകാർക്കുണ്ടാകുമായിരുന്നില്ല. ഏറ്റവുംതിരക്കുള്ള രാവിലെയും വൈകുന്നേരവും റോഡിന്റെ തകർച്ച കാരണം ഗതാഗതക്കുരുക്കാണ്.