കോഴിക്കോട് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്ന അധ്യാപകർക്ക് സർവീസ് നഷ്ടം സംഭവിച്ച കാലയളവിൽ അർഹമായ സമാശ്വാസം നൽകണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

അധ്യാപകരുടെ നിസ്സഹായാവസ്ഥയും പരാതിയിലെ നിയമവശവും സാങ്കേതികവസ്തുതകളും കണക്കിലെടുത്ത്ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം കമ്മിഷനെ അറിയിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്ന്‌ കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.

2021 ജൂലായ്‌ 15 മുതൽ അഡ്വൈസ് ലഭിച്ച അധ്യാപകരെ സർവീസിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർഥത്തിൽ ഇവർ സർവീസിൽപ്രവേശിക്കേണ്ടിയിരുന്നത് 2020 ജൂൺ ഒന്നിനാണ്. എന്നാൽ, വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിനാൽ കഴിഞ്ഞില്ല.

ഒരുവർഷം അധ്യാപക തസ്തികയിലുള്ള സീനിയോറിറ്റിയും ശമ്പളവും മറ്റാനുകൂല്യങ്ങളുംനിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ ഫ്രാൻസിസ് കമ്മിഷനെ അറിയിച്ചു.