പാറക്കടവ് : ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരത്തിനിറങ്ങിയ വിമതർക്കും പ്രാദേശിക നേതാക്കൾക്കുമെതിരേ ലീഗ് നടപടിയെടുത്തു. ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിമതരായി മത്സരിക്കുന്ന പി.കെ. ഖാലിദ്, അബൂബക്കർ എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
റിബലുകളെ സഹായിക്കുന്ന ഭാരവാഹികൾക്കെതിരേയും നടപടിയുണ്ടാകും. പി.കെ. ഖാലിദിനെതിരേ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ലീഗിലെ വിമതവിഭാഗം ജാതിയേരിയിൽ പ്രതിഷേധപ്രകടനവും കൺവെൻഷനും നടത്തി. സി.സി. ജാതിയേരി ചെയർമാനും എം. റിയാസ് കൺവീനറും പി.വി. മുഹമ്മദ് ഹാജി ട്രഷററുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം കെ.വി. ബഷീർ നിർവഹിച്ചു. അതേസമയം വിമതർക്കെതിരേ ഡിസംബർ നാലിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്താൻ ഒൗദ്യോഗികവിഭാഗം തീരുമാനിച്ചു.
വേളം : വേളം ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാംവാർഡിലെ മുസ്‌ലിംലീഗ് സ്ഥാനാർഥി കെ.പി. സലീമയ്ക്കെതിരേ മത്സരിക്കുന്ന വിമത റാബിയ കേയത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു. ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ച ലീഗ് പൂളക്കൂൽ ശാഖ കമ്മിറ്റി പ്രസിഡന്റ് വി.പി. അബ്ദുള്ള, ജനറൽസെക്രട്ടറി എം.കെ. അഹമ്മദ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും ആവശ്യപ്പെട്ടതായി പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി ഭാരവാഹികളായ ഇ.കെ. കാസിം, ടി.കെ. അബ്ദുൾകരിം, കോമത്ത് ഇബ്രാഹിം എന്നിവർ പറഞ്ഞു.