ശ്രീജിഷ് കേളപ്പൻ

മേപ്പയ്യൂർ

: ‘‘ഒന്നര വർഷത്തിനടുത്തായി വരുമാനം നിലച്ച അവസ്ഥയാണ്. ശരിക്കും ഇരുളടഞ്ഞ പോലെ’’. ജീവിതോപാധിയായ പ്രോഗ്രാം ഏജൻസി പൂർണമായും അടച്ചിടേണ്ടി വന്നതിനെക്കുറിച്ച് ഗിരി കൽപ്പത്തൂർ പറയുന്നു. 2020 മാർച്ചിൽ ആരംഭിച്ച കോവിഡ് നിയന്ത്രണങ്ങൾക്കിടെ പ്രതിസന്ധിയിലായ ഒട്ടേറെപ്പേരുണ്ട്. നാടകക്കാർ, ഗാനമേളട്രൂപ്പുകൾ, മിമിക്രി ആർട്ടിസ്റ്റുകൾ, നാടൻപാട്ട് സംഘങ്ങൾ, നൃത്താധ്യാപകർ, ലൈറ്റ് ആൻഡ്‌ സൗണ്ട് ഉടമകൾ... ഉപജീവനമാർഗം അടഞ്ഞ ഇവരെല്ലാംതന്നെ വലിയതോതിൽ പ്രതിസന്ധി നേരിടുകയാണ്.

സാധാരണഗതിയിൽ സെപ്റ്റംബർ മുതൽ ഏപ്രിൽവരെയുള്ള എട്ടുമാസമാണ് കലാപരിപാടികളുടെ സീസൺ. കഴിഞ്ഞവർഷംമുതൽ ഇതാകെ തകിടംമറിഞ്ഞു. അവതരിപ്പിക്കാൻ റിഹേഴ്സൽ കഴിഞ്ഞ് തയ്യാറാക്കിവെച്ച നാടകമുൾപ്പെടെയുള്ള പല സ്റ്റേജ് പ്രോഗ്രാമുകളും മുടങ്ങിപ്പോയി. ഇവയുമായി ബന്ധപ്പെട്ട കലാകാരന്മാർക്കും ജീവനക്കാർക്കും ഇവയൊക്കെ ബുക്കുചെയ്ത്ത് പരിപാടി നടത്തിക്കൊടുക്കുന്ന ഏജൻറുമാർക്കുമൊക്കെ കോവിഡ് കനത്ത തിരിച്ചടിയായി. സ്വന്തമായി വീടുപോലുമില്ലാത്ത ഒട്ടേറെപ്പേർ വീട്ടുവാടകയും മക്കളുടെ വിദ്യാഭ്യാസ- രോഗ ചികിസച്ചെലവും എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്. അതേസമയം, കലാകാരന്മാർക്ക് സർക്കാർ അനുവദിക്കുന്ന ചെറിയതുക അല്പം ആശ്വാസമാണ്. പക്ഷേ, ഇതിലേക്ക് അപേക്ഷ നൽകാൻ കഴിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. ഇൗ തൊഴിലുപേക്ഷിച്ച് പെയ്‌ന്റിങ്‌ അടക്കമുള്ള മറ്റു വരുമാനമാർഗം തേടിപ്പോയവരുമുണ്ട്.വരുമാനം നിലച്ച് കലാമേഖലയിലെ ജീവിതങ്ങൾസ്ഥാപനംഅടച്ചിട്ടു

കഴിഞ്ഞ ഒന്നരവർഷത്തിനടുത്തായി കലാപരിപാടികൾ ഇല്ലാത്തതിനാൽ ബുക്കിങ്ങില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ ബോർഡ് എഴുത്താണിപ്പോൾ പണി. സ്ഥാപനം അടച്ചിട്ട അവസ്ഥയിലാണ്.

ഗിരി കൽപ്പത്തൂർ

(പ്രോഗ്രാം ഏജന്റ്‌)

വലിയ പ്രതിസന്ധി

സ്റ്റേജ് പരിപാടികൾ ഇല്ലാതായതോടെ വലിയ പ്രതിസന്ധിയിലാണ്. മറ്റു തൊഴിൽമേഖല അന്വേഷിക്കേണ്ട സ്ഥിതിയാണ് നിലവിൽ. പൂർണമായും കലാമേഖല ആശ്രയിച്ചുജീവിക്കാൻ പ്രയാസം.

മജീഷ് കാരയാട്

(നാടൻപാട്ട് കലാകാരൻ, ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്)

വരുമാനമില്ല

വീട്ടിൽപ്പോയും മറ്റും നൃത്തപരിശീലനം നൽകിയിരുന്നതിപ്പോൾ നിലച്ചു. അതിനാൽത്തന്നെ വരുമാനമില്ല. സ്ഥാപനം ഇനിയെന്ന് തുറക്കാൻ പറ്റുമെന്നറിയില്ല.

ചന്ദ്രൻ നൊച്ചാട്

(നൃത്താധ്യാപകൻ)