കോഴിക്കോട് : ചെറുപ്പകാലം മുതൽക്കുള്ള പ്രിയസുഹൃത്തിനുവേണ്ടി തനിക്കാവുന്നതെല്ലാം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് എം.കെ. രാഘവൻ എം.പി. സുഹൃത്തിന്റെ ജീവൻ തിരിച്ചുപിടിക്കാൻവേണ്ടി രണ്ടുദിവസം എം.പി. പ്രയത്നിച്ചു. അതിനു ഫലമുണ്ടായി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി മെട്രോ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്ന കണ്ണൂർ കുടിക്കിമൊട്ട കാഞ്ഞിരോട് അച്യുതം വീട്ടിൽ പ്രേംചന്ദിനായാണ് രണ്ടുദിവസം എം.പി.യും ഉത്തരമേഖലാ ഐ.ജി. അശോക് യാദവും ഒരുമിച്ച് പരിശ്രമിച്ചത്.

യൂത്ത് കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന കാലത്താണ് എം.കെ. രാഘവനും പ്രേംചന്ദും അടുപ്പത്തിലാവുന്നത്. രണ്ടുപേരും പലവട്ടം ഇരുവരുടെയും വീടുകളിൽ പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. സുഹൃത്ത് മൂന്നുമാസമായി രോഗശയ്യയിലായിരുന്നത് രാഘവന് അറിയാമായിരുന്നു. ഇടയ്ക്കിടെ രോഗവിവരം അന്വേഷിക്കും. സ്ഥിതി മോശമാവുന്നുവെന്ന് ശനിയാഴ്ച അറിഞ്ഞു. ഉടനെ ഡോക്ടർ വി. നന്ദകുമാറുമായി ബന്ധപ്പെട്ടു. ഹൃദയം മാറ്റിവെക്കേണ്ടിവരുമെന്നും വലിയ ചെലവുവരുമെന്നും ഡോക്ടർ അറിയിച്ചു.

മൃതസഞ്ജീവനിയിൽനിന്ന്‌ ഹൃദയം കിട്ടുമെന്ന് അറിഞ്ഞതോടെ എയർ ആംബുലൻസിൽ കൊണ്ടുവരാമെന്നായി എം.പി. ഏഴുലക്ഷം രൂപ ചെലവാകും. പോലീസ് ട്രെയിനിങ്‌ ക്യാമ്പ്‌ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഐ.ജി.യുമായി ഇക്കാര്യം സംസാരിച്ചു. റോഡ്മാർഗം ഹൃദയം കൊണ്ടുവരാമെന്നും അതിനായി സൗകര്യമൊരുക്കാമെന്നും ഐ.ജി. ഉറപ്പു നൽകി. ഇതിനിടെ തൃശ്ശൂരിലെ ഇ.എസ്.ഐ. ഓഫീസുമായി ബന്ധപ്പെട്ട് ചികിത്സാച്ചെലവിനും എം.പി. വഴിയുണ്ടാക്കി. ഇതിനിടെ കൊച്ചി ഡി.സി.പി. വിജി ജോർജുമായി പലപ്രാവശ്യം ബന്ധപ്പെട്ട് ക്രമീകരണങ്ങൾ വിലയിരുത്തി. ഗ്രീൻ ചാനലൊരുക്കി പോലീസ് ഉണർന്നു പ്രവർത്തിക്കുകയും ചെയ്തു.