പേരാമ്പ്ര : തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് ഒമ്പത് തൊഴിലാളികൾക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. നീലോത്ത് ശാന്ത (48), നീലോത്ത് പാത്തുമ്മ (62), മീറങ്ങാട്ട് ശാരദ (58), വാഴക്കാമ്മൊമ്പൊയിൽ ഷീജ (42), മീറങ്ങാട്ട് ഷിജി (37) മരുതോറെമ്മൽ ഷൈജ (38), ജയശ്രീ രാവാരിക്കണ്ടി (47), എടപ്പാറ ധന്യ (35), മീറങ്ങാട്ട് കാർത്യായനി (70) എന്നിവർക്കാണ് പരിക്കേറ്റത്. പത്തുമ്മയെയും ശാരദയെയുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിൽ അഞ്ചാംവാർഡിൽ മൊയോത്ത്ചാൽ നീലോത്ത് പാത്തുമ്മയുടെ വീട്ടുപറമ്പിലെ തൊഴിലുറപ്പ് പണിക്കിടെയാണ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്. കരിയിലകൾ നീക്കംചെയ്യുന്നതിനിടയിലാണ് കടന്നൽ കൂടിളകിയത്. എല്ലാവരും വീട്ടിനുള്ളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.