പേരാമ്പ്ര : അലങ്കാര മത്സ്യക്കൃഷിയിൽ കൂട്ടായ്മയുടെ വിജയംആഘോഷിക്കുകയാണ് കർഷകരുടെ നേതൃത്വത്തിലുള്ള ആദ്യ സഹകരണ സംഘം. പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മാർഗ നിർദേശത്തോടെ ആരംഭിച്ച ‘ഫിഷ് റിയറേഴ്‌സ് അസോസിയേഷൻ നോർത്ത് കോഴിക്കോട് (ഫ്രാങ്ക്)’ എന്ന സംഘം ഒരു വർഷം പിന്നിടുമ്പോൾ ഗ്രാമീണ മേഖലയിൽ ചെറുകിട അലങ്കാര കർഷകർക്ക് ഏറെ സഹായം ചെയ്തുകഴിഞ്ഞു.

കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വിപണനകേന്ദ്രം വഴി ഒരു ലക്ഷം രൂപയുടെ വ്യാപാരം ഇക്കാലയളവിനിടെ നടത്തി. പരമാവധി വില ലഭിക്കുന്നതിനാൽ കർഷകർക്ക് തന്നെയാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്.

കോവിഡ് കാലത്ത് വില്പനയ്ക്ക് പ്രതിസന്ധി നേരിട്ടപ്പോൾ സംഘം വലിയ സഹായമായി. മത്സ്യക്കുഞ്ഞുങ്ങളെ കുറഞ്ഞവിലയ്ക്ക് കർഷകർക്ക് വളർത്താൻ നൽകുന്നതിനും വഴിയൊരുക്കി. നേപ്പാളിലേക്കടക്കം അലങ്കാരമത്സ്യം കയറ്റി അയക്കാൻ തുടങ്ങിയതോടെ വിപണന രംഗത്ത് കൂടുതൽ പ്രതീക്ഷയിലാണ് കർഷകർ. എല്ലാ ശനിയാഴ്ചയും കൃഷിവിജ്ഞാന കേന്ദ്രത്തിൽ ആഴ്ചച്ചന്ത തുടങ്ങാൻ ഒരുങ്ങുകയാണ്.

നബാർഡിന്റെ അഞ്ച് ലക്ഷം രൂപയുടെ സഹായം ലഭിച്ചതിനാൽ പ്രവർത്തനം വിപുലീകരിക്കും. കൊയിലാണ്ടിയിൽ വിപണന കേന്ദ്രം തുറക്കാനും പെരുവണ്ണാമൂഴിയിൽ കാർപ്പ് ഹാച്ചറി നിർമാണത്തിനും അക്വേറിയത്തിൽ ഉപയോഗിക്കാനുള്ള ജലസസ്യങ്ങൾ വളർത്താനുള്ള യൂണിറ്റ് തുടങ്ങുന്നതിനുമാണ് ഫണ്ട് ഉപയോഗിക്കുക. മത്സ്യ കർഷകരെ സഹായിക്കാൻ വിപണനത്തിന് മാർക്കറ്റിങ്‌ ടീമും ഉത്പാദനത്തിന് മാർഗ നിർദേശവും സഹായങ്ങളും നൽകാൻ പ്രൊഡക്ഷൻ ടീമും സംഘത്തിന് കീഴിലുണ്ട്. മത്സ്യങ്ങൾക്കുള്ള തീറ്റയും ഉത്പാദിപ്പിച്ച് വില്പനയ്ക്ക് തയ്യാറായി.

കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (ഫിഷറീസ്) ഡോ. ബി. പ്രദീപ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചപ്പോൾ പരീശിലനം നേടാനെത്തിയ കർഷകർ അതേറ്റെടുക്കാൻ മുന്നോട്ടു വരുകയായിരുന്നു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണനും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. 22 പേരെ ഉൾപ്പെടുത്തിയായിരുന്നു തുടക്കം. പിന്നീട് 106 പേരായി. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 40 കിലോമീറ്റർ പരിധിയിലുള്ളവരാണ് ഇതിലെ അംഗങ്ങൾ. അലങ്കാരമത്സ്യം വളർത്തുന്ന 106 പേർ ഉൾപ്പെടുന്നതാണ് സംഘം.

പന്തിരിക്കരയിലെ ടി.എ. സുരേഷ് ബാബു പ്രസിഡന്റും അരിക്കുളത്തെ സരിത് ബാബു സെക്രട്ടറിയുമായ 15 അംഗ ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്. വിൽപ്പനയ്ക്ക് വലിയ സഹായം

തമിഴ്‌നാട്ടിൽനിന്നാണ് കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങൾ എത്തിക്കൊണ്ടിരുന്നത്. ഗുണമേൻമയുള്ളവ ഇവിടെതന്നെ ലഭ്യമാക്കാനുള്ള ശ്രമം ഫ്രാങ്ക് എന്ന സംഘത്തിന്റെ നേതൃത്വത്തിൽ നടത്താനായി.

ടി.എ. സുരേഷ് ബാബു.

പ്രസിഡന്റ്, ഫ്രാങ്ക് സൊസൈറ്റി

കർഷകർക്ക് പ്രയോജനം

അലങ്കാര മത്സ്യ കർഷകരുടെ സംഘം തുടങ്ങിയത് കർഷകർക്ക് ഏറെ പ്രയോജനമായി. സംഘത്തിൽ ചേർന്ന ഭൂരിഭാഗം പേരും കൃഷിവിജ്ഞാന കേന്ദ്രത്തിൽ പരിശീലനം നേടിയവരാണ്.

ഡോ. ബി. പ്രദീപ്

സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (ഫിഷറീസ്)

കൃഷിവിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴി

സൊസൈറ്റി ലക്ഷ്യങ്ങൾ

:ഗുണമേൻമയുള്ള അലങ്കാര മത്സ്യങ്ങളും അക്വേറിയം സസ്യങ്ങളും ഉദ്പാദിപ്പിക്കുക., തീറ്റയും അനുബന്ധ ഉപകരണങ്ങളുടേയും ഉത്പാദനം, സാങ്കേതിക സഹായം നൽകുക, വിപണനത്തിന് സഹായിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക