കോഴിക്കോട് : ‘‘സാധാരണ ജില്ലാപഞ്ചായത്ത് സ്ഥാനാർഥികൾ വീട് കയറിയിറങ്ങി വോട്ടുചോദിക്കുന്നത് കുറവാണ്. എന്നാൽ, ഇത്തവണ ആ പതിവ് മാറ്റി. രാവിലെമുതൽ ഓരോ വീടുകളിലും കയറും. പണിമുടക്ക് കൂടിയായതോടെ കൂടുതൽ വീടുകളിലെത്താൻ പറ്റി’’- ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി ദിനേശ് പെരുമണ്ണ പറഞ്ഞു. മാമ്പുഴക്കാട് കോളനിയിലായിരുന്നു രാവിലെ ഏഴുമുതൽ. കോവിഡായതിനാൽ വീട്ടുമുറ്റത്തെത്തി പരിചയം പുതുക്കി മടങ്ങുകയാണ് സ്ഥാനാർഥികൾ.
‘‘ചൂലൂർ ഭാഗത്തുള്ള വീടുകളിലാണ് രാവിലെ പോയത്. ഉച്ചഭക്ഷണം കഴിഞ്ഞ് ചാത്തമംഗലത്തുതന്നെയുള്ള വീടുകളിൽപോയി. എല്ലാവരും അകത്ത് കയറാനും ഇരിക്കാനുമൊക്കെ പറയും. കൈകൂപ്പി നന്ദി അറിയിച്ച് മടങ്ങി’’- ചാത്തമംഗലം ഡിവിഷനിൽനിന്ന് ജനവിധി തേടുന്ന ബി.ജെ.പി. സ്ഥാനാർഥി അഭിഭാഷകയായ വി. പ്രിയ പറഞ്ഞു. ഇത്തവണ ആദ്യംതന്നെ വീടുകളിൽ പോകാൻ തുടങ്ങിയിട്ടുണ്ട് സ്ഥാനാർഥികൾ.
ചാത്തമംഗലത്തുതന്നെ മത്സരിക്കുന്ന എൽ.ഡി.എഫിലെ സുധ കമ്പളത്തും എട്ടുമണിക്ക് തുടങ്ങിയിട്ടുണ്ട് വീടുകളിലേക്കുള്ള യാത്ര. ‘‘എല്ലാവരെയും നേരിട്ടുകണ്ട് സംസാരിക്കാൻ പറ്റുന്നതിൽ സന്തോഷം. വീടുകളിൽ സ്നേഹപ്രകടനത്തിനൊന്നും തുനിയാറില്ല. എല്ലാ സ്നേഹവും വോട്ടായി നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. ചെറിയ കുടുംബയോഗങ്ങൾക്കും പണിമുടക്ക് തടസ്സമായിട്ടില്ലെന്ന്’’ സുധ പറഞ്ഞു.
കോർപ്പറേഷനിലെ സ്ഥാനാർഥികളും പതിവുപ്രചാരണത്തിരക്കിൽതന്നെയായിരുന്നു. മൂന്നോ നാലോ പേർ മാത്രമായി വീടുകളിൽ കയറുന്നു. ഭരണച്ചുമതല ഒഴിഞ്ഞ കൗൺസിലിലെ അംഗങ്ങളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടിവരില്ല.
പുതുമുഖങ്ങൾ നയംവ്യക്തമാക്കി ജനമനസ്സുകളിലേക്ക് കയറാൻ ശ്രമിക്കുന്നു. വീട്ടുകാരെയൊക്കെ കണ്ടു. വാർഡിലേക്ക് രാവിലെ ഇറങ്ങിയാൽ രാത്രിയാണ് തിരിച്ചെത്താറുള്ളതെന്ന് യു.ഡി.എഫിലെ പി. ഉഷാദേവി പറഞ്ഞു. ”എല്ലാ വീട്ടുകാരെയും പരിചയമുണ്ട്. അതിനാൽ എല്ലായിടത്തുനിന്നും വലിയ സ്നേഹമാണ്.’’-മാറാടുനിന്ന് മത്സരിക്കുന്ന ബി.ജെ.പി.യിലെ പൊന്നത്ത് ഷൈമയ്ക്കും പറയാനുള്ളത് നല്ല കാര്യങ്ങൾമാത്രം.