കൊയിലാണ്ടി : സാക്ഷരതാമിഷൻ തുല്യതാപഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങി. ജില്ലയിൽ 14 പരീക്ഷാകേന്ദ്രങ്ങളിലായി 2060 പേരാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 1384 പേർ സ്ത്രീകളാണ്. ഭിന്നശേഷി വിഭാഗത്തിൽ 23 പേരും പരീക്ഷയെഴുതുന്നുണ്ടെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് കുമാർ അറിയിച്ചു.

ഒന്നാംവർഷ പഠിതാക്കൾക്ക് തിങ്കളാഴ്ച ഇംഗ്ലീഷും രണ്ടാം വർഷക്കാർക്ക് മലയാളവുമായിരുന്നു വിഷയം. 31-ന് പരീക്ഷ അവസാനിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കർശനമായ നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. കോവിഡ് പോസീറ്റീവ് ആയവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് പരീക്ഷയ്ക്കെത്തിയത്. ഇവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതാൻ അവസരമൊരുക്കിയത്.

തലക്കുളത്തൂർ സി.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ അമ്മയും മകളും ഒരേ പരീക്ഷയെഴുതാൻ എത്തിയത് കൗതുകമായി. അന്നശ്ശേരി കാനത്തിൽമീത്തൽ മല്ലിക അമ്മയും മകൾ അനുപമയുമാണ് പരീക്ഷയെഴുതിയത്. മല്ലിക അമ്മ ഹ്യുമാനിറ്റീസും അനുപമ കൊമേഴ്‌സുമാണ് പഠിക്കുന്നത്.

തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പറും തുല്യതാപഠിതാവുമായ സി. ഷൈനി കോവിഡ് പോസിറ്റീവായതിനാൽ പി.പി.ഇ. കിറ്റ് ധരിച്ചാണ് പരീക്ഷയ്ക്കെത്തിയത്. കോക്കല്ലൂർ ജി.എച്ച്.എസ്. എസിൽ ദമ്പതിമാരായ സഹദേവനും രജനിയും ഒരുമിച്ച് പരീക്ഷയെഴുതാൻ എത്തിയതും കൗതുകമുണർത്തി.