കുരുവട്ടൂർ : പറമ്പിൽബസാറിനുസമീപം പോലൂരിൽ വീടിന്റെ അടിത്തട്ടിൽനിന്ന് മുഴക്കം. തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് സംഭവം. ബിജുവും ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഭീതിയോടെ കഴിയുകയാണ്. വ്യാഴാഴ്ച രാവിലെമുതലാണ്‌ ശബ്ദം കേൾക്കാൻ തുടങ്ങിയത്‌.

രണ്ടാഴ്ചമുമ്പ് രാത്രിയിൽ ശബ്ദം കേട്ടപ്പോൾ ടെറസ്സിന് മുകളിൽ എന്തോ വീണതാണെന്നാണ് കരുതിയത്.. വീടിന്റെ ഏതുഭാഗത്ത് നിന്നാണ് ശബ്ദംവരുന്നതെന്ന് മനസ്സിലാവുന്നില്ല. ഇരുനില കോൺഗ്രീറ്റ് വീടിന്റെ എല്ലാഭാഗത്തും ശബ്ദം അനുഭവപ്പെടുന്നുണ്ട്. ഇടയ്ക്ക് ശബ്ദംനിൽക്കും. പിന്നെ കുറച്ചുസമയംകഴിഞ്ഞ് വീണ്ടും തുടങ്ങും. രാത്രിയിൽ ഉറങ്ങാൻപറ്റാത്ത അവസ്ഥായാണെന്ന് ബിജു പറയുന്നു. സ്റ്റീൽ പാത്രത്തിൽ വെള്ളംവെച്ച് നോക്കിയപ്പോൾ പാത്രത്തിന് പ്രകമ്പനമുണ്ടാവുകയും വെള്ളം ഇളകുകയും ചെയ്തു. ഡും..ഡും ശബ്ദം മൊബൈലിൽ വോയ്‌സ് ക്ലിപ്പായി എടുക്കാനും കഴിയുന്നുണ്ട്. സമീപത്തെ വീട്ടുകാർക്കൊന്നും ഇത്തരം അനുഭവമില്ല.

സംഭവം അറിഞ്ഞ ഉടനെ വെള്ളിമാട്കുന്നിൽനിന്നും സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന വീട്ടിലെത്തി. കളക്ടറേറ്റിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തി. പരിശോധനയ്ക്കെത്തിയ എല്ലാവർക്കും ശബ്ദം നേരിട്ട് അനുഭവപ്പെട്ടു. വീട് നിൽക്കുന്ന സ്ഥലം കല്ലുവെട്ട് കുഴിയായിരുന്നു. കരിങ്കല്ലിന്റെ തറകെട്ടിയാണ് ഇവിടെ വീട് വെച്ചത്. നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ഈ ശബ്ദം ഉണ്ടാവാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. വീടിന്റെ എവിടെയും വിള്ളലുകൾ വന്നിട്ടില്ല. ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസി, ഷജിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ വിദഗ്ധസംഘം ഇവിടെ പരിശോധന നടത്തുമെന്നും കൂടുതൽ പഠനത്തിനായി സെസിനെയും ഇക്കാര്യം അറിയിക്കുമെന്ന് ജില്ല സോയിൽ കൺസർവേഷൻ വിഭാഗം വ്യക്തമാക്കി.