നിർത്താതെപോയ ലോറി നാട്ടുകാർ പിടികൂടി

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിനുസമീപം വെറ്റിലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി നാട്ടുകാർ തിരുവങ്ങൂരിൽനിന്ന് പിടികൂടി പോലീസിന് കൈമാറി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സി.എം. ഹോട്ടൽ ജീവനക്കാരനായ കൊളക്കാട് മണ്ണാർകണ്ടി മൻസൂറിനെ (45) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റ മൻസൂറിനെ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

മൻസൂറിനെ ഇടിച്ചശേഷം നിർത്താതെ, ലോറി തിരുവങ്ങൂരിൽ മറ്റൊരു വാഹനത്തിനെ ഇടിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന്, ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാർ അത്തോളി റോഡിൽനിന്നാണ് ലോറിഡ്രൈവർ കണ്ണൂർ അഴീക്കോട് സ്വദേശി വി. മോഹനനെ പിടികൂടിയത്.