വളയം : തലശ്ശേരി-മാനന്തവാടി മൈസൂർ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് മലയോരമേഖലയിൽ രണ്ടാംഘട്ടസർവേ ആരംഭിച്ചു. കണ്ടി വാതുക്കൽ, എളമ്പ, വിലങ്ങാട് മലയോരത്താണ് കഴിഞ്ഞ ഒരു മാസക്കാലമായി സർവേ നടന്നുവരുന്നത്. ഭൂസർവേക്ക് പുറമെ ആകാശമാർഗവും സർവേ നടത്തുന്നുണ്ട്.

മുംബൈ ആസ്ഥാനമായ സ്വകാര്യകമ്പനിയാണ് കണ്ടിവാതുക്കൽ, വാഴമല മേഖലകളിൽ സർവേ നടത്തിയത്. തലശ്ശേരി-കൂത്തുപറമ്പ്, വാഴമലവഴി കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കൽ, ആയോട്, ചിറ്റാരിവഴി കോളിപ്പാറ, കൂത്താടി, വായാട് വഴി വയനാട്ടിലൂടെ മൈസൂരിൽ അവസാനിക്കുന്നതാണ് റെയിൽപ്പാത.

കേരളത്തെ കർണാടകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായതാണ് തലശ്ശേരി-മൈസൂർ റെയിൽവേലൈൻ എന്നാണ് പഠനം നടത്തിയ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കണ്ടെത്തിയിട്ടുള്ളത്.

240 കിലോമീറ്റർ ദൂരമുള്ള പദ്ധതി നടപ്പാക്കാൻ 5052 കോടിരൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം കർണ്ണാടക സർക്കാർ ഇതുവരെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല.