കൊയിലാണ്ടി : പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് വണ്ടികളായി ഓടുന്നതിനാൽ ചേമഞ്ചേരി ഉൾപ്പെടെയുള്ള ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികളൊന്നും നിർത്തുന്നില്ല. ഇക്കാരണത്താൽ ഇത്തരം സ്റ്റേഷനുകൾ ആർക്കും പ്രയോജനപ്പെടാതെ കാടുകയറി നശിക്കുന്നു. വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിലെ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകളിൽ തീവണ്ടികൾ നിർത്തിയിട്ട് രണ്ടുവർഷമാകാറായി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തീവണ്ടിഗതാഗതം നിയന്ത്രിച്ചതോടെയാണ് ഈ സ്റ്റേഷനുകൾക്ക് ശനിദശ ബാധിച്ചത്.

കണ്ണൂർ-കോയമ്പത്തൂർ(നമ്പർ 56650, 56651), മംഗലാപുരം-കോയമ്പത്തൂർ(56323 56324), തൃശ്ശൂർ-കണ്ണൂർ(56602, 56603), കോഴിക്കോട് -കണ്ണൂർ(56652, 56653) എന്നീ പാസഞ്ചർ വണ്ടികളാണ് ഈ സ്റ്റേഷനുകളിൽ നിർത്തിയിരുന്നത്. സ്വകാര്യവ്യക്തികൾ കമ്മിഷൻ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽക്കുന്ന ചെറുസ്റ്റേഷനുകളാണ് ഹാൾട്ട് സ്റ്റേഷനുകൾ. രാവിലെയും വൈകീട്ടും ഒട്ടേറെ യാത്രക്കാർ പാസഞ്ചർ വണ്ടികളിൽ കയറാൻ ഈ ഹാൾട്ട് സ്റ്റേഷൻ ഉപയോഗപ്പെടുത്തുമായിരുന്നു. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, നഗരത്തിലെ വ്യാപാരികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെല്ലാം ഈ സ്റ്റേഷനിൽ കയറാനും ഇറങ്ങാനുമുണ്ടാവും. കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ വെള്ളയിൽ സ്റ്റേഷനിലിറങ്ങിയാണ് തുടർയാത്ര ചെയ്യുക.

ജനകീയപ്രക്ഷോഭത്തെത്തുടർന്നാണ് ചേമഞ്ചേരി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ നിർത്തിത്തുടങ്ങിയത്. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകംകൂടിയാണ് ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ. ചേമഞ്ചേരിയുൾപ്പെടെയുള്ള ഹാൾട്ട് സ്റ്റേഷനുകളിൽ പഴയതുപോലെ വണ്ടികൾ നിർത്തണമെന്നാണ് ആവശ്യം.