പന്തീരാങ്കാവ് : ഒരുഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന മണക്കടവ് ആത്മബോധോദയം വായനശാല 75 വർഷത്തിന്റെ നിറവിൽ. 1946- ലാണ് വായനശാല സ്ഥാപിതമായത്. തികച്ചും ഗ്രാമപ്രദേശമായിരുന്ന മണക്കടവിൽ ദിനപത്രങ്ങളുടെ ലഭ്യതപോലും കുറവായിരുന്ന ഒരു കാലം. റേഡിയോ ഉള്ള വീടുകൾപോലും ദുർലഭമായിരുന്ന നാട്. ഇവിടെയാണ് ഏതാനും ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഗ്രാമത്തിന്റെ നടുമുറ്റത്ത് അക്ഷരങ്ങളുടെ കലവറയായി ഈ വായനശാല ഉദയം ചെയ്യുന്നത്.

പി.എം. ചാത്തുമാസ്റ്റർ, തിരുത്തിയിൽ മുഹമ്മദ് എന്നിവരായിരുന്നു സ്ഥാപകപ്രസിഡൻറും സെക്രട്ടറിയും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും നാടിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇടപെട്ടും വായനശാല ക്രമേണ നാടിന്റെ ശബ്ദമായി മാറി. പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുമ്പോൾ കല, സാഹിത്യം, കായികം, വിദ്യാഭ്യാസം തുടങ്ങി മണക്കടവിലെ എല്ലാരംഗത്തും ആത്മബോധോദയം വായനശാല നിറസാന്നിധ്യമാണ്. സ്വന്തമായ ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയിൽ ഒമ്പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്. 323 അംഗങ്ങളുള്ള വായനശാലയിൽ ഒരു മൊബൈൽ പുസ്‌തക വിതരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. എഡിസൺ ബാലവേദി, വനിതാവേദി, ഹരിതശ്രീ കാർഷിക ക്ലബ്ബ്, യുവത യുവജന കൂട്ടായ്മ, ഇ-വിജ്ഞാനകേന്ദ്രം എന്നിവയും വായനശാലയുടെ ഭാഗമായി സജീവമാണ്.

പി.എം. വേലായുധൻ, കെ.കെ. ചാത്തുണ്ണി, പി.എം. അനന്തൻ എന്നിവർ ദീർഘകാലം വായനശാലാ ഭാരവാഹികളായിരുന്നു. പി.എം. വിനോദ് കുമാർ പ്രസിഡൻറും വി.സി. സുരേഷ് സെക്രട്ടറിയുമായ പ്രവർത്തകസമിതിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കെ.പി. സ്വപ്ന, കെ. സുശീല എന്നിവരാണ് ലൈബ്രേറിയൻമാർ. 2020 നവംബറിലാണ് പ്ലാറ്റിനംജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ 25-നാണ് ജൂബിലി ആഘോഷസമാപനം.