താമരശ്ശേരി : കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങൾ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വിൽപ്പന നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തൊട്ടിൽപ്പാലം , കാവിലുംപാറ, കാരിയാട്ട് മുഹമ്മദാലി എന്ന ‘വണ്ടി ചോർ അലി’ (48) ആണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. താമരശ്ശേരി പൂനൂരിൽ നിന്നും വിവാഹ ആവശ്യത്തിന് രണ്ട് ദിവസത്തേക്കെന്നുപറഞ്ഞ് കൈക്കലാക്കിയ കാർ മറിച്ച് വിൽപ്പന നടത്തിയ കേസിലാണ് പ്രതിയെ കാർ സഹിതം പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ ഇത്തരത്തിൽ 40-ലധികം വാഹനങ്ങൾ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. തൊട്ടിൽപ്പാലത്തും പരിസരപ്രദേശങ്ങളിലും കർണാടക സിംകാർഡ് ഉപയോഗിച്ച് പ്രതി ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിക്ക് ഒളിച്ച് താമസിക്കാനും സൗകര്യം ചെയ്തവരെയും തട്ടിപ്പ് കൂട്ടാളികളെയും പോലീസ് നിരീക്ഷിച്ചുവരുകയാണ്.
താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി. ഇ.പി. പൃഥ്വിരാജിന്റെ നിർദേശപ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ എം.പി. രാജേഷ്, എസ്.ഐ. മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ഹരീഷ്, അനിൽകുമാർ , എ.എസ്.ഐ. ഷിബിൽ ജോസഫ്, സി.പി.ഒ. മണിലാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.