വേളം: നവരാത്രി ആഘോഷമായി, പിന്നെ ശബരിമല സീസൺ, തിറ ഉത്സവങ്ങൾ... ഉൾനാടുകളിലെ ചെറിയ ക്ഷേത്രങ്ങൾപോലും സജീവമാകേണ്ട സമയം. പക്ഷേ കോവിഡ് ജാഗ്രതയിൽ നിശ്ശബ്ദമാണ് ക്ഷേത്രങ്ങളെല്ലാം. കാര്യമായ ആഘോഷങ്ങളൊന്നുമില്ല... ഇതോടെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്കാണ് ക്ഷേത്രജീവനക്കാരുടെ യാത്ര.

മാസങ്ങളോളം ക്ഷേത്രങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഉത്സവസീസൺ ആകുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് ക്ഷേത്രജീവനക്കാർ പ്രതീക്ഷിച്ചത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികളുടെ എണ്ണം പേരിനുമാത്രമായി. ഇതോടെ ക്ഷേത്രവരുമാനം കുത്തനെ ഇടിഞ്ഞു. ജീവനക്കാർക്കാകട്ടെ വരുമാനം നിലച്ചു. ക്ഷേത്രം തന്ത്രിമാർ, മേൽശാന്തിമാർ, മാല കെട്ടുന്നവർ, വാദ്യക്കാർ, വഴിപാട് കൗണ്ടർ ജീവനക്കാർ, അടിച്ചുതളിക്കാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർക്ക് വരുമാനമില്ലാതായി.

കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലെ നൂറിലേറെ ചെറിയ ക്ഷേത്രങ്ങളിൽ ഏതാണ്ട് 300-ഓളം ജീവനക്കാരുണ്ട്. ഇവരിൽ ചെറിയൊരുവിഭാഗത്തിനു മാത്രമാണ് ദേവസ്വംബോർഡിൽ നിന്ന് ശമ്പളം കിട്ടുന്നത്. മറ്റുള്ളവർക്ക് ക്ഷേത്രകമ്മിറ്റിയും മറ്റുമാണ് ശമ്പളം നൽകുന്നത്. ഇത് നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് ക്ഷേത്രങ്ങൾ. ദേവസ്വംബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുപോലും കൃത്യമായ ശമ്പളമില്ലാത്ത അവസ്ഥയാണ്.

വടകര താലൂക്കിൽ എ ഗ്രേഡ് ക്ഷേത്രങ്ങളൊന്നുമില്ല. എല്ലാം ബി, സി, ഡി ഗ്രേഡിൽ പെട്ടവയാണ്. ഈ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ പകുതിയാണ് ദേവസ്വം ബോർഡ് നൽകുന്നത്. ദേവസ്വം ബോർഡിന്റെ ഫണ്ട് ഇപ്പോൾത്തന്നെ കുടിശ്ശികയാണ്. ദേവസ്വംബോർഡ് ജീവനക്കാർക്ക് 10,000 രൂപ ഇടക്കാലാശ്വാസം കിട്ടിയതും ഉത്സവബത്ത കിട്ടിയതുമാണ് ഏക ആശ്വാസമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. ഹരിദാസൻ പറഞ്ഞു.

വേതനം നൽകാൻ കഴിയുന്നില്ല വരവ് നിലച്ചതിനാൽ ചെറിയൊരു തുകപോലും ജീവനക്കാർക്ക് നൽകാൻ കഴിയുന്നില്ല. ക്ഷേത്രങ്ങളുടെ നിത്യ ചെലവുകൾക്കും മറ്റുമായി ദേവസ്വം ബോർഡ് അനുകൂല നിലപാട് സ്വീകരിക്കണം

യു.കെ. ബാലകൃഷ്ണൻ,

പ്രസിഡന്റ്, കുറ്റ്യാടി ഊരത്ത് എടക്കാട് ശ്രീശക്തി പഞ്ചാക്ഷരി ക്ഷേത്രംവാദ്യകലാകാരൻമാരുടെ ജീവിതം വഴിമുട്ടി പ്രയാസം വളരെ വലുത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്കു മുന്നിൽ നിരന്തരം പോരാടിക്കൊണ്ടിരിക്കയാണ് നമ്മൾ. ഈ അവസരത്തിൽ തൊഴിലിടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും വളരെ വലുതാണ്.

സി.കെ. സുരേന്ദ്രൻ നമ്പൂതിരി,

നിട്ടൂർ ശിവക്ഷേത്രം മേൽശാന്തി മാർച്ച് മാസത്തോടെ ക്ഷേത്രങ്ങളിലെ ഉത്സവവും അനുബന്ധ പരിപാടികളും നിർത്തിവെച്ചതാണ്. ഇതോടെ വാദ്യകലമാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന കലാകാരന്മാരുടെ ജീവിതം ദുരിതപൂർണമാകുകയാണ്

ഹരീഷ് മാരാർ തൊട്ടിൽപ്പാലം,

വിശേഷാൽ ക്ഷേത്ര ചെണ്ടവാദ്യകലാകാരൻ

നഷ്‌ടമാകുന്നു, ആഘോഷങ്ങൾ

:വിദ്യാരംഭവുംമറ്റും പഴയതുപോലെ നടത്തരുതെന്ന് നിർദേശമുണ്ട്. ക്ഷേത്രനടയിലിരുത്തി വീട്ടുകാർക്കുതന്നെ ഹരിശ്രീ കുറിക്കാവുന്ന സംവിധാനമാണ് ചില ക്ഷേത്രങ്ങൾ ഏർപ്പെടുത്തിയത്. ഇതിനുതന്നെ ബുക്കിങ് കുറവാണ്. തുലാമാസം പിറക്കുന്നതോടെ ശബരിമല സീസണും തുടക്കമാകുമെങ്കിലും ഇത്തവണ എവിടെയും അനക്കമില്ല. മാലയിടൽ, കെട്ടുനിറ, ദിവസേനയുള്ള ക്ഷേത്രദർശനം തുടങ്ങിയവയെല്ലാം ക്ഷേത്രങ്ങളെ സജീവമാക്കുമായിരുന്നു. കഴിഞ്ഞസീസണിന്റെ അവസാനം കോവിഡ് മൂലം നഷ്ടമായിരുന്നു. ചെണ്ടവാദ്യവുംമറ്റുമായി ഈ മേഖലയിൽ ഉപജീവനം കഴിച്ചിരുന്നവർ വടകര താലൂക്കിൽമാത്രം അഞ്ഞൂറോളംപേർ വരും. നിത്യനിദാനം നടത്താൻപോലും കഴിയാത്ത ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. ചില ക്ഷേത്രങ്ങളിൽ പൂജ ഒരുനേരമാക്കി വെട്ടിക്കുറച്ചു. മറ്റുചില ക്ഷേത്രങ്ങൾ പൂജാസാധനങ്ങൾ നാട്ടുകാരിൽനിന്ന് ശേഖരിക്കുകയാണ്. ഇവിടങ്ങളിലെ ജീവനക്കാർക്ക് ഒരു വരുമാനവുമില്ല. പ്രതിഫലം നൽകാൻ സാധിക്കാത്തതിനാൽ അടച്ചിട്ട ഒട്ടേറെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റ്യാടി എടക്കാട് ശിവക്ഷേത്രം മേൽശാന്തി ചെടിക്കളം ഇല്ലം ഉണ്ണിക്കൃഷ്ണൻനമ്പൂതിരി പറഞ്ഞു.