കാരശ്ശേരി : പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേൽക്കൂരയ്ക്ക് താഴെ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന് നല്ലൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഗ്രാമപ്പഞ്ചായത്തിലെ കുട്ടിക്കുന്ന് നിസാറും ഭാര്യയും മൂന്നു കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിനാണ് ഒരുനല്ല കോൺക്രീറ്റ് വീട് പണിപൂർത്തിയായത്. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.

അഞ്ചംഗകുടുംബം വർഷങ്ങളായി നാലുസെന്റിലെ അടച്ചുറപ്പില്ലാത്ത കൂരയിലായിരുന്നു താമസം. നിത്യജോലിക്ക് പോവുന്ന കുടുംബനാഥൻ കുടുംബം പുലർത്താൻതന്നെ പ്രയാസപ്പെടുകയാണ്. വീടിനുവേണ്ടി അധികാരികളെ സമീപിച്ച് നീണ്ട കാത്തിരിപ്പിലായിരുന്നു. പാർട്ടി ആനയാംകുന്ന് യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ഏഴുലക്ഷംരൂപ ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ടീം വെൽഫെയർ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെയാണ് നിർമാണജോലികൾ പൂർത്തീകരിച്ചത്. ടൈൽ വർക്കുകളടക്കം അവസാന മിനുക്കുപണികൾത്തീർത്ത് ആവശ്യമായ വീട്ടുപകരണങ്ങളും ഒരുക്കിക്കൊടുക്കും. ഞായറാഴ്ച ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി വീട് കൈമാറും.