കോഴിക്കോട് : കോർപറേഷന്റെ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് കെ.എം. ഷാജി എം.എൽ.എ.യുടെ വീട് പൊളിക്കാൻ നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. 2016-ൽ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ കെട്ടിടനമ്പർ നേടുകയോ നികുതി അടയ്ക്കുകയോ ചെയ്യാത്തതിനാൽ അനധികൃത കെട്ടിടമായി പരിഗണിച്ച് മുനിസിപ്പൽ ആക്ടിലെ 406 (1)-ാം വകുപ്പ് പ്രകാരമാണ് താത്കാലിക നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം പുതുക്കിയ പ്ലാൻ സമർപ്പിച്ച് ക്രമവത്കരിക്കാൻ അപേക്ഷനൽകിയാൽ നിയമപ്രകാരമാണെങ്കിൽ അനുവദിച്ചുകൊടുക്കും.

ഇത്രയും കാലത്തെ നികുതിയും പിഴയുമടക്കം ഒന്നരലക്ഷത്തോളം രൂപ എം.എൽ.എ. അടയ്ക്കേണ്ടിവരും. നികുതിനൽകാതെ നാലുവർഷത്തോളം ഇതേ അവസ്ഥയിൽ തുടർന്നിട്ടും നടപടി സ്വീകരിക്കാതെ വീഴ്ചവരുത്തിയത് കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണമുണ്ടാവും. ഓരോ വാർഡിലെയും അനധികൃത നിർമാണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ ഇൻസ്പെക്ടർമാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, അതിൽ എം.എൽ.എ.യുടെ വീട് ഉൾപ്പെടാത്തത് ഇൻസ്പെക്ടർമാരുടെ വീഴ്ചയായി പരിഗണിക്കാനാണ് സാധ്യത. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴല്ല നേരത്തേതന്നെ ഇത് കണ്ടെത്തേണ്ടിയിരുന്നെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

2013-ലാണ് എം.എൽ.എ. വീട് നിർമിക്കാൻ അപേക്ഷനൽകിയത്. 3200 ചതുരശ്ര അടിക്കാണ് കോർപറേഷനിൽനിന്ന് അനുമതി തേടിയത്. എന്നാൽ, 5500 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്. 2300 ചതുരശ്ര അടിയിൽ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടന്നതിനാൽ ക്രമവത്കരിക്കാൻ 2016-ൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അതിന് അദ്ദേഹം മറുപടിയൊന്നും നൽകിയില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

നിയമലംഘനം നടത്തിയിട്ടില്ല -കെ.എം. ഷാജി

കെട്ടിടനിർമാണച്ചട്ട പ്രകാരം ഒരു നിയമലംഘനവും നടത്തിയിട്ടില്ല. ആർക്കുവേണമെങ്കിലും പരിശോധിക്കാം. നിർമാണപ്രവർത്തനങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. അതിന് ഒമ്പതുവർഷം സമയമുണ്ട്. സർട്ടിഫിക്കറ്റ് നൽകാത്ത കാലത്തോളം ചട്ടലംഘനം നടന്നു എന്ന് കോർപറേഷന് പറയാൻ കഴിയില്ല. അവർക്ക് പൊളിക്കാൻ നോട്ടീസ് നൽകാനും അധികാരമില്ല.