പേരാമ്പ്ര : ഇന്ധനവിലവർധനയ്ക്കെതിരേ കേരളാ കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ആഹ്വാനംചെയ്ത സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഐ.ഒ.സി.യുടെ പെട്രോൾ പമ്പിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി.ചാണ്ടി നിർവഹിച്ചു. ഇന്ധന വില അടിക്കടി വർധിപ്പിച്ച് മോദി സർക്കാർ കൊള്ളയടി തുടരുന്നതുമൂലം കോവിഡ് കാലത്ത് സമസ്തമേഖലയിലും വിലക്കയറ്റമുണ്ടായതായി അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ വില ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടു വരുക, അധികനികുതി സംസ്ഥാന സർക്കാർ ഒഴിവാക്കുക, ഇന്ധന വില നിർണയാധികാരം എണ്ണക്കമ്പനികളിൽനിന്ന് എടുത്തുമാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം രാജീവ് തോമസ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ടി.പി.ചന്ദ്രൻ, വിജയൻ ചാത്തോത്ത്, രവീന്ദ്രൻ പുത്തലത്ത്, കെ.എം.ഗോപാലൻ, നാസർ മുളിയങ്ങൽ എന്നിവർ പ്രസംഗിച്ചു.

മത്സ്യത്തൊഴിലാളി പ്രതിഷേധം

കൊയിലാണ്ടി : പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധന പിൻവലിക്കുക, ഇന്ധനങ്ങൾക്ക് സബ്‌സിഡിയനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യ ത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. കൊയിലാണ്ടിയിൽ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ സമരം സി.ഐ.ടി.യു. ഏരിയാ സെകട്ടറി എം.എ. ഷാജി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ്‌ ടി.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പൂക്കാട് പെട്രോൾ പമ്പിന് മുമ്പിലുള്ള സമരം ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ ഉദ്ഘാടനം ചെയ്തു. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു.