താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് വിനോദസഞ്ചാരത്തിനെത്തിയവർക്കെതിരേ നടപടിയുമായി പോലീസ്. പരിശോധന കർക്കശമാക്കിയതോടെ വ്യാഴാഴ്ച രാത്രി ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി ചുരത്തിൽ വെറുതേ എത്തിയവർക്ക് ലോക്ഡൗൺ ലംഘനത്തിന് പിഴയടച്ചശേഷം മാത്രമാണ് ചുരമിറങ്ങാനാവായത്. പൊതുവേ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തിൽ സഞ്ചാരികൾ കൂടിയതോടെ ഗതാഗതസ്തംഭനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിവാരം ഔട്ട് പോസ്റ്റ് എസ്.ഐ. കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനയുമായി രംഗത്തെത്തിയത്. വലിയ വാഹനങ്ങളെ പിഴചുമത്തി പറഞ്ഞുവിട്ടപ്പോൾ ഇതരജില്ലകളിൽനിന്നുൾപ്പെടെയെത്തിയവർ ചുരംപാതയിൽ നിർത്തിയിട്ട ബൈക്കുകളും സ്കൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇങ്ങനെ ഔട്ട് പോസ്റ്റ് പരിസരത്തേക്ക് എത്തിച്ച ഇരുപതോളം ഇരുചക്രവാഹനങ്ങൾ ഉടമകളെത്തി പിഴയടച്ചശേഷം മാത്രമാണ് വിട്ടുനൽകിയത്.