പണം ഈടാക്കുന്നതിന് എതിരേ യാത്രക്കാർക്ക് പ്രതിഷേധം

കൊണ്ടോട്ടി : വിദേശത്തുനിന്ന് കരിപ്പൂരിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന കർശനമാക്കി. യാത്രക്കാരിൽനിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നത്. വിദേശത്തുനിന്ന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി, നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് പ്രവാസികൾ കരിപ്പൂരിലെത്തുന്നത്. വീണ്ടും വിമാനത്താവളത്തിൽെവച്ച് പരിശോധന നടത്തുന്നതിൽ പ്രവാസികൾ അധികൃതരെ പ്രതിഷേധമറിയിക്കുന്നുണ്ട്.

പരിശോധനാഫീസ് നൽകാൻ ഇന്ത്യൻപണം കൈയിലില്ലാത്ത പ്രശ്‌നവും പ്രവാസികളിൽ പലരും നേരിടുന്നുണ്ട്. വിദേശകറൻസി മാറ്റിനൽകാൻ കൗണ്ടർ ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

അതേസമയം, പല ഗൾഫ് രാജ്യങ്ങളിലും കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചത്. ചൊവ്വാഴ്ച കരിപ്പൂരിലെത്തിയ മൂന്നുപേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലെ പരിശോധന കർശനമായി തുടരുമെന്ന്‌ അധികൃതർ പറഞ്ഞു.

യാത്രക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായി ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു.